.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
മുൻ മന്ത്രി നൂറുൽ മജീദ് മഹ്മൂദ് ഹുമയൂൺ
ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിശ്വസ്തനും മുൻ മന്ത്രിയുമായ നൂറുൽ മജീദ് മഹ്മൂദ് ഹുമയൂണിന് മരണക്കിടക്കയിലും കൈവിലങ്ങിട്ട് ബംഗ്ലാദേശ് ഭരണകൂടം. 2024ലെ പ്രക്ഷോഭത്തെ നേരിട്ടതിന്‍റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട ഹുമയൂൺ തിങ്കളാഴ്ച മരിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്തശേഷം ധാക്ക മെഡിക്കൽ കോളെജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുമ്പോൾ കൈയിൽ വിലങ്ങിട്ടിരുന്ന ചിത്രമാണു കഴിഞ്ഞ ദിവസം പുറത്തുവന്നത്. സമൂഹമാധ്യമങ്ങളിൽ ചിത്രം വൈറലായതോടെ രൂക്ഷ വിമർശനം നേരിടുകയാണ് മുഹമ്മദ് യൂനുസിന്‍റെ ഇടക്കാല ഭരണകൂടം.
സർക്കാർ നടപടി മനുഷ്യാവകാശ വിരുദ്ധവും കടുത്ത നിയമലംഘനവുമാണെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. മരണം ആസന്നമായിരിക്കുന്നുവെന്ന് അറിഞ്ഞിട്ടു പോലും കൈവിലങ്ങ് അഴിക്കാത്തവർക്ക് എന്തു മാനവികതയെന്നാണ് മനുഷ്യാവകാശ പ്രവർത്തകരുടെ ചോദ്യം. എന്നാൽ, ആശുപത്രി വാസത്തിന്‍റെ തുടക്കത്തിലാണു വിലങ്ങിട്ടിരുന്നതെന്നും സ്ഥിതി വഷളായപ്പോൾ ഇതു നീക്കിയെന്നുമാണു ജയിൽ അധികൃതരുടെ വിശദീകരണം.
മരണാസന്നനായ ഒരാളുടെ കൈകളിൽ വിലങ്ങിടുന്നത് മനുഷ്യാവകാശത്തിന്‍റെ നഗ്നമായ ലംഘനമാണെന്നു മനുഷ്യാവകാശ പ്രവർത്തകൻ നൂർ ഖാൻ ലിട്ടൺ പറഞ്ഞു. മനുഷ്യനെന്ന നിലയിലുള്ള അന്തസിന്‍റെ ഹീനമായ ലംഘനത്തിന് ഉദാഹരണമാണിതെന്നും അദ്ദേഹം. രോഗശയ്യയിൽ കഴിയുന്ന എഴുപത്തഞ്ചുകാരനെ ജയിൽ ചാടാൻ സാധ്യതയുള്ള അപകടകാരിയായ തടവുകാരനായി മുദ്രകുത്തുന്നത് ഏത് അർഥത്തിലാണെന്ന് അഭിഭാഷകനായ അബു ഉബൈദുർ റഹ്മാൻ ചോദിച്ചു. ഭരണകൂടത്തിന്‍റെ വലിയ വീഴ്ചയാണിതെന്നു മനുഷ്യാവകാശ പ്രവർത്തകൻ അബു അഹമ്മദ് ഫൈജുൽ കബീർ ചൂണ്ടിക്കാട്ടി.