ഷാർജാ പൊലീസ്
ഷാർജ: അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തെ പിടികൂടി ഷാർജ പൊലീസ്. 17 കിലോ കൊക്കെയ്ൻ കടത്താനുള്ള ശ്രമത്തിനിടെ മൂന്നു പേരാണ് പിടിയിലായത്. ഷാർജ തുറമുഖം വഴി 12 കിലോ കൊക്കെയ്ൻ കടത്താൻ ശ്രമിക്കവേ ഏഷ്യൻ വംശജനാണ് ആദ്യം പിടിയിലായത്. ഷാർജ പോർട്ട്സ്, കസ്റ്റംസ് ആൻഡ് ഫ്രീസോൺ അതോറിറ്റി നടത്തിയ പരിശോധനയിൽ സംശയകരമായ കാർഗോ കണ്ടെത്തുകയായിരുന്നു.
ഇതെത്തുടർന്ന് ഷാർജ പൊലീസുമായി സഹകരിച്ച് ഇയാളെ അറസ്റ്റുചെയ്യുകയുമായിരുന്നുവെന്ന് മയക്കുമരുന്ന് വിരുദ്ധ, നിയന്ത്രണ ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ മാജിത് സുൽത്താൻ അൽ അസം റഞ്ഞു.
മറ്റൊരു ഗൾഫ് രാജ്യത്തു നിന്ന് യു.എ.ഇയിൽ വന്നിറങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്ന് അടങ്ങിയ കാർഗോ സ്വീകരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് രണ്ട് ആഫ്രിക്കൻ വംശജരെയും പിടികൂടിയതെന്നും അദ്ദേഹം വിശദീകരിച്ചു.
വിവിധ വിഭാഗങ്ങൾ സഹകരിച്ച് നടത്തിയ പരിശോധനയുടെ ഫലമായാണ് അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിൽപ്പെട്ട കണ്ണികളെ പിടികൂടാൻ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.