ദുബായ്: ദുബായിലെ ഇവന്‍റ് സോണുകളിൽ ഇനി മുതൽ പാർക്കിങ്ങിന് മണിക്കൂറിന് 25 ദിർഹം ഈടാക്കുമെന്ന് പാർക്കിങ് അധികൃതർ അറിയിച്ചു. ദുബായിൽ ഏറ്റവും കൂടുതൽ അന്തർദേശിയ സമ്മേളനങ്ങളും പ്രദർശനങ്ങളും നടക്കുന്ന ദുബായ് വേൾഡ് ട്രേഡ് സെന്ററിന് ചുറ്റുമുള്ള പ്രദേശത്തെ 'ഗ്രാൻഡ് ഇവന്‍റ് സോൺ' എന്ന് നാമകരണം ചെയ്തിട്ടുണ്ട്.
ഇവന്‍റ് സോണിലേക്ക് പോകുന്നവർ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതാണ് അഭികാമ്യമെന്ന് അധികൃതർ നിർദേശിച്ചു. ഈ മാസം ആദ്യം സോൺ എഫ് മേഖലകളിലെ പാർക്കിംഗ് നിരക്ക് വർധിപ്പിച്ചിരുന്നു.
ഫെബ്രുവരി 1 ന് നടപ്പിലാക്കിയ പുതിയ ഫീസ് എല്ലാ സോൺ എഫ് പാർക്കിംഗ് ഇടങ്ങൾക്കും ബാധകമാണ്. അൽ സുഫൂഹ് 2, ദി നോളജ് വില്ലേജ്, ദുബായ് മീഡിയ സിറ്റി, ദുബായ് ഇന്‍റർനെറ്റ് സിറ്റി തുടങ്ങിയ പ്രദേശങ്ങളാണ് പ്രധാനമായും സോൺ എഫിന്‍റെ പരിധിയിൽ വരുന്നത്.