പാക്കിസ്ഥാനി ഗ്രൂമിങ് ഗാങ്ങിനെതിരേ ബ്രിട്ടനിൽ നടത്തിയ പ്രതിഷേധ പ്രകടനം.
ലണ്ടൻ: പാക്കിസ്ഥാനി യുവാവ് പ്രലോഭിപ്പിച്ചു തട്ടിക്കൊണ്ടുപോയ പതിനാറുകാരിയെ സിഖ് വിഭാഗത്തിൽപ്പെട്ട ഇരുനൂറിലേറെ പേരുടെ സംഘം രക്ഷപെടുത്തി. പ്രതിയെ ബ്രിട്ടിഷ് പൊലീസ് പിടികൂടി. കുട്ടിയെ പിന്നീടു മാതാപിതാക്കൾക്കൊപ്പം വിട്ടു.
പടിഞ്ഞാറൻ ലണ്ടനിലെ ഹൂൻസ്ലോ മേഖലയിൽ നിന്നുള്ള സിഖ് പെൺകുട്ടിയെയാണ് മുപ്പതു വയസുള്ള പാക് പൗരൻ തട്ടിക്കൊണ്ടുപോയത്. ബ്രിട്ടനിൽ പാക് യുവാക്കളുടെ "ഗ്രൂമിങ് ഗാങ്' സജീവമെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രലോഭിച്ചും വശീകരിച്ചും വലയിലാക്കി ലൈംഗികചൂഷണത്തിനിരയാക്കുന്ന സംഘങ്ങളാണ് ഗ്രൂമിങ് ഗാങ് എന്ന് അറിയപ്പെടുന്നത്.
പാക്കിസ്ഥാനി മുസ്‌ലിം യുവാക്കളുടെ ഇത്തരം വിശാലമായ ശൃംഖല ബ്രിട്ടനിൽ പ്രവർത്തിക്കുന്നുണ്ട്. പീഡനത്തിനുശേഷം നഗ്ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തലും പതിവാണ്. പിന്നീട് ഇവരെ വേശ്യാവൃത്തിയിലേക്കു തള്ളിയിടും. ചിലരെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ ചേർക്കും.
അഫ്ഗാൻ പശ്ചാത്തലമുള്ള പാക് പൗരൻ ഏറെക്കാലമായി ഈ പെൺകുട്ടിയെ നോട്ടമിട്ടിരുന്നെന്ന് സിഖ് സംഘത്തെ നയിച്ച ജസ്സ സിങ്. അടുത്ത കാലത്ത് പ്രതി 12 വയസുള്ള മറ്റൊരു കുട്ടിയെയും വലയിലാക്കിയിരുന്നു. പതിനാറു വയസുള്ള സിഖ് പെൺകുട്ടി കഴിഞ്ഞ ദിവസം ഇയാൾക്കൊപ്പം പോയി.
കണ്ടെത്തി തിരികെയെത്തിക്കാനുള്ള പൊലീസിന്‍റെ ശ്രമങ്ങളെല്ലാം നിയമത്തിലെ പഴുതുകളുപയോഗിച്ച് പ്രതിയും സംഘവും പ്രതിരോധിച്ചു. ഹുൻസ്ലോയിൽ 20 സെക്കൻഡറി സ്കൂളുകളുണ്ട്. ആയിരക്കണക്കിനു കുട്ടികളാണ് ദിവസവും ഗ്രൂമിങ് ഗാങ്ങിന്‍റെ വീടുകൾക്കു മുന്നിലൂടെ പോകുന്നത്.