സിസിലിയിൽ അതീവ ഗുരുതര സാഹചര്യം
സിസിലി: സിസിലിയിൽ ചുഴലിക്കാറ്റിന് പിന്നാലെയുണ്ടായ കനത്ത മഴയിൽ കുന്നിടിഞ്ഞു. സിസിലിയിൽ അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ചയിൽ ആഞ്ഞടിച്ച ഹാരി ചുഴലിക്കാറ്റിന് പിന്നാലെ സിസിലി നഗരം സ്ഥിതി ചെയ്യുന്ന കുന്ന് നാല് കിലോമീറ്ററിലേറെ ദൂരം ഇടിയുകയായിരുന്നു. കുന്നിന്‍റെ വലിയൊരു ഭാഗം ഇടിഞ്ഞ് താഴ്ന്നതോടെ വീടുകളിൽ പലതും അതീവ അപകടാവസ്ഥയിലാണുള്ളത്. മണ്ണിടിച്ചിൽ ആരംഭിച്ചതിന് പിന്നാലെ 1500ലേറെ പേരെയാണ് മേഖലയിൽ നിന്ന് ഒഴിപ്പിച്ചത്. ഞായറാഴ്ച ആരംഭിച്ച മണ്ണിടിച്ചിൽ വലിയൊരു വിള്ളലാണ് സിസിലി നഗരത്തിൽ സൃഷ്ടിച്ചിട്ടുള്ളതെന്നാണ് നിസ്കെമിയിലെ മേയർ പ്രതികരിക്കുന്നത്.
വീണ്ടും മണ്ണിടിയുന്നത് ചരിത്ര പ്രാധാന്യമുള്ള സിസിലി നഗരത്തെ വിഴുങ്ങിക്കൊണ്ടാവുമെന്നുള്ള ആശങ്കയിലാണ് ആളുകളുള്ളത്.
അപകടമേഖലയ്ക്ക് പുറത്തുള്ളവരോട് വീടുകളിൽ തന്നെ തുടരാനാണ് മേയർ ആവശ്യപ്പെടുന്നത്. മണ്ണിടിച്ചിലിനെ നിസാരമായി കാണരുതെന്ന മുന്നറിയിപ്പും മേയർ നൽകുന്നുണ്ട്. മണ്ണിച്ചിൽ നടന്ന സ്ഥലത്തിന്‍റെ 50-70 മീറ്റർ ചുറ്റളവിലുള്ള എല്ലാ വീടുകളും തകരാൻ സാധ്യതയുണ്ടെന്ന് സിസിലിയിലെ സിവിൽ പ്രൊട്ടക്ഷൻ അതോറിറ്റി ഡയറക്ടർ ജനറൽ സാൽവത്തോർ കൊസിന വിശദമാക്കിയത്. മേഖലയിൽ മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തെയും സാങ്കേതിക പരിശോധനകളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ഹാരി ചുഴലിക്കാറ്റ് ആഞ്ഞടിച്ച തെക്കൻ പ്രദേശങ്ങളിൽ ഇറ്റാലിയൻ സർക്കാർ നേരത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.