പുടിനു പിന്നാലെ യുഎസ് വ്യാപാര സംഘവും ഇന്ത്യയിലേയ്ക്ക്
file photo
ന്യൂഡൽഹി: വ്യാപാരക്കരാറിനായുള്ള ചർച്ചകൾ തുടരുന്നതിനായി യുഎസ് ഡെപ്യൂട്ടി ട്രേഡ് റെപ്രസന്‍റേറ്റീവ് റിക്ക് സ്വിറ്റ്സറിന്‍റെ നേതൃത്വത്തിലുള്ള ട്രംപ് ഭരണകൂടത്തിലെ ഒരു സംഘം അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കാൻ പദ്ധതി ഇടുന്നതായി യുഎസ് ഔദ്യോഗിക വക്താവ് അറിയിച്ചു.
പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ ഔദ്യോഗിക വക്താവ് സന്ദർശന പദ്ധതികൾ സ്ഥിരീകരിച്ചെങ്കിലും സംഘത്തിന്‍റെ കൂടുതൽ വിവരങ്ങൾ നൽകിയില്ല. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് യുഎസ് ചുമത്തുന്ന 50 ശതമാനം താരിഫ് കുറയ്ക്കുന്നതിനായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭരണകൂടവുമായി ഒരു പ്രാഥമിക കരാർ വേഗത്തിൽ അന്തിമമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ അതീവ താൽപര്യം കാണിക്കുന്നുണ്ട്.
ഈ താരിഫുകൾ രാജ്യത്തെ പ്രധാന സാമ്പത്തിക മേഖലകളെ പ്രതികൂലമായി ബാധിച്ചിരുന്നു.ട്രംപ് ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയ പ്രതികാര തീരുവകളെ അഭിസംബോധന ചെയ്യുന്ന ആദ്യ ഘട്ടം ഉൾപ്പടെ, വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കാൻ കഴിയുന്ന ഒരു വ്യാപാര ധാരണയിൽ വാഷിങ്ടണും ന്യൂഡൽഹിയും പ്രവർത്തിച്ചു വരികയാണ്.
റഷ്യൻ എണ്ണ വാങ്ങിയതിനു പ്രതികാരമായി യുഎസ് പ്രസിഡന്‍റ് ചുമത്തിയ നിരക്കുകളും ഉൾപ്പെടുന്നതാണ് നിലവിലെ 50 ശതമാനം തീരുവ. ഈ വർഷം ആദ്യം ബന്ധങ്ങളിൽ ചില ഉരസലുകൾ ഉണ്ടായെങ്കിലും ട്രംപ് പിന്നീട് മോദിയെ കുറിച്ച് കൂടുതൽ നല്ല രീതിയിൽ സംസാരിക്കുകയും റഷ്യയിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി കുറയ്ക്കാൻ തീരുമാനിച്ചതിനെ പ്രശംസിക്കുകയും ചെയ്തിരുന്നു. ഇത് താരിഫിൽ ഇളവ് ലഭിക്കുന്നതിനുള്ള സാധ്യതകൾ തുറന്നിട്ടുണ്ട്.