ഹോർമുസ് കടലിടുക്ക്
MV Graphics
വാഷിങ്ടണ്‍: ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അമെരിക്കന്‍ അനുമതിയില്ലാതെ ഒരു കപ്പലിനും ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ കഴിയില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കിന്മേല്‍ അമെരിക്കയ്ക്ക് 'പൂര്‍ണ നിയന്ത്രണം' ഉണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ഹോര്‍മുസില്‍ മൈനുകള്‍ ഇടുന്നതായി കണ്ടെത്തിയാല്‍ ഏത് ബോട്ടിനെയാണെങ്കിലും വെടിവയ്ക്കാന്‍ നാവികസേനയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
അതേസമയം, വ്യാഴാഴ്ച യുഎസ് സൈന്യം ഇറാന്‍റെ ഒരു എണ്ണ കപ്പല്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇറാനില്‍ നിന്ന് ചൈനയിലേക്ക് എണ്ണ കൊണ്ടുപോവുകയായിരുന്നു കപ്പലെന്നും യുഎസ് അറിയിച്ചു. മജസ്റ്റിക് എക്‌സ് എന്ന എണ്ണ കപ്പലിനെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നാണു യുഎസ് പിടികൂടിയത്. ഇതിന്‍റെ വിഡിയൊ യുഎസ് പ്രതിരോധ വകുപ്പ് പുറത്തുവിട്ടു.
കപ്പല്‍ പിടിച്ചെടുത്ത വാര്‍ത്തയെക്കുറിച്ച് ഇറാനില്‍ നിന്ന് പ്രതികരണമൊന്നും പുറത്തുവന്നിട്ടില്ല. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന നിലപാടിലാണ് ഇറാന്‍. അമെരിക്ക തങ്ങളുടെ തുറമുഖങ്ങള്‍ ഉപരോധിക്കുന്നിടത്തോളം കാലം ഹോര്‍മുസ് അടഞ്ഞു തന്നെ കിടക്കുമെന്നും ഇറാന്‍ അറിയിച്ചു. ഇതോടെ ഹോര്‍മുസിന്‍റെ പേരില്‍ പശ്ചിമേഷ്യയില്‍ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ്.
ഹോര്‍മുസിന്‍റെ പേരില്‍ ഇറാനും അമെരിക്കയും നിലപാട് കടുപ്പിച്ചതോടെ കടലിടുക്കിലൂടെയുള്ള എണ്ണ ടാങ്കര്‍ നീക്കം സാധാരണ നിലയിലും താഴെയാണ്. ഇത് ആഗോള ഊര്‍ജ വിപണികള്‍ക്ക് ഒരു പ്രധാന ആശങ്കയായി തീര്‍ന്നിരിക്കുകയാണ്.
ചൊവ്വാഴ്ച ഹോര്‍മുസില്‍ സഞ്ചരിച്ച മൂന്ന് കപ്പലുകള്‍ക്കു നേരെ ഇറാന്‍ സേന ആക്രമണം നടത്തുകയും രണ്ടെണ്ണം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അതില്‍ ഒരെണ്ണം ഇന്ത്യയിലേക്ക് എണ്ണയുമായി പോയ കപ്പലായിരുന്നു.
ഹോര്‍മുസില്‍ ഇറാനും യുഎസും പോരടിക്കുമ്പോള്‍ തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഒരു മാധ്യമപ്രവര്‍ത്തക ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍റെ ദേശീയ വാര്‍ത്താ ഏജന്‍സി (എന്‍എന്‍എ) റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇസ്രയേല്‍-ലെബനന്‍ വെടിനിര്‍ത്തലിന് പുതിയ ഭീഷണി ഉയര്‍ന്നിരിക്കുകയാണ്.