പ്രധാനമന്ത്രിയുടെ ബന്ദി സന്ദർശനത്തെ വിമർശിച്ച് ബന്ദികളുടെ ഡോക്റ്റർ പ്രൊഫ.ഹഗായ് ലെവിൻ
file photo
ടെൽ അവീവ്: പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ബ്രോങ്കൈറ്റിസ് ബാധിതനായതായി അദ്ദേഹത്തിന്‍റെ ഓഫീസ്. എന്നാൽ അത് അദ്ദേഹത്തിനോ ചുറ്റുമുള്ളവർക്കോ അപകടകരമായ രീതിയിലല്ല എന്നും ഓഫീസ് കൂട്ടിച്ചേർത്തു. നെതന്യാഹു തന്‍റെ ഇന്നത്തെ ഷെഡ്യൂൾ റദ്ദാക്കി വീട്ടിൽ വിശ്രമിക്കുകയാണെന്നും ഓഫീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഇന്നലെ രാത്രി റാബിൻ മെഡിക്കൽ സെന്‍ററിൽ സുഖം പ്രാപിച്ച മോചിതരായ ബന്ദികളെ നെതന്യാഹു സന്ദർശിച്ചിരുന്നു. നെതന്യാഹുവിന്‍റെ അസുഖം കോടതിയിൽ ചർച്ച ചെയ്ത ശേഷം ഹോസ്റ്റേജ് ഫാമിലീസ് ഫോറത്തിന്‍റെ ഡോക്റ്റർ പ്രൊഫ.ഹഗായ് ലെവിൻ നെതന്യാഹുവിന്‍റെ ബന്ദി സന്ദർശനത്തെ വിമർശിച്ചു.
ഇന്നു കോടതിയിൽ വ്യക്തമാക്കിയതു പോലെ കടുത്ത ജലദോഷത്താൽ പ്രധാനമന്ത്രി കഷ്ടപ്പെടുന്നെങ്കിൽ ദുർബലമായ രോഗപ്രതിരോധശേഷിയുള്ള രക്ഷപെട്ടെത്തിയ ബന്ദികളെ അദ്ദേഹം സന്ദർശിച്ച് അവരുടെ ആരോഗ്യ നിലയെ വീണ്ടും അപകടത്തിൽ ആക്കിയത് എന്തിന് എന്നാണ് ലെവിൻ എക്സിൽ കുറിച്ചത്.ഇപ്പോൾ 75 വയസുള്ള നെതന്യാഹു സമീപ വർഷങ്ങളിൽ ആരോഗ്യ പ്രശ്നങ്ങളുമായി നിരന്തര പോരാട്ടത്തിലാണ്.
കഴിഞ്ഞ ഡിസംബറിൽ അദ്ദേഹത്തിന്‍റെ പ്രോസ്റ്റേറ്റ് നീക്കം ചെയ്തു. 2024 മാർച്ചിൽ അദ്ദേഹത്തിന് ഹെർണിയ ശസ്ത്രക്രിയ നടത്തി. അതേ മാസം തന്നെ പനി ബാധിതനായതിനെ തുടർന്ന് അദ്ദേഹത്തിന് നിരവധി ദിവസം ഔദ്യോഗിക കൃത്യ നിർവഹണത്തിൽ നിന്നു വിട്ടു നിൽക്കേണ്ടി വന്നു.2023ൽ താൽക്കാലിക ഹൃദയസ്തംഭനത്തെ തുടർന്ന് പേസ്മേക്കർ സ്ഥാപിക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായി. ഇക്കഴിഞ്ഞ ഒരാഴ്ച മുമ്പ് നിർജലീകരണത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.