പ്രകൃതി ദുരന്തം നേരിടുന്ന ശ്രീലങ്കയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ ഇന്ത്യൻ നാവിക സേനയുടെ വിമാനം.
MV
തിരുവനന്തപുരം: ശ്രീലങ്കയിൽ വീശിയടിച്ച ചുഴലിക്കാറ്റ് മൂലമുണ്ടായ പ്രകൃതി ദുരന്തത്തിൽ കഷ്‌ടപ്പെടുന്ന ജനങ്ങൾക്ക് 'ഓപ്പറേഷൻ സാഗർ ബന്ധു'വിന്‍റെ ഭാഗമായി ഇന്ത്യൻ വ്യോമസേന (IAF) നിർണായകമായ മാനുഷിക സഹായവും ദുരന്ത നിവാരണവും നൽകുന്നത് തുടരുന്നു.
രക്ഷാപ്രവർത്തനം, ദുരിത ബാധിതരെ ഒഴിപ്പിക്കൽ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയിൽ പ്രാദേശിക ഏജൻസികളെ സഹായിക്കുന്നതിന് പ്രത്യേക മെഡിക്കൽ ടീമുകൾ, രക്ഷാ പ്രവർത്തകർ തുടങ്ങിയ മാനുഷിക സഹായം വേഗത്തിൽ എത്തിച്ചതിനു പുറമേ ഇന്ത്യൻ വ്യോമസേനയുടെ ദക്ഷിണ വ്യോമസേന ആസ്ഥാനത്തിന്‍റെ മേൽനോട്ടത്തിൽ Mi-17V5 മീഡിയം ലിഫ്റ്റ് ഹെലികോപ്റ്ററുകളും ഗരുഡ് സ്പെഷ്യൽ ഫോഴ്‌സിന്‍റെ അംഗങ്ങളെയും കൊളംബോയിലേക്ക് വിന്യസിച്ചു,
ശ്രീലങ്കൻ അധികൃതരുമായി അടുത്ത ഏകോപനത്തിൽ പ്രവർത്തിക്കുന്ന ഈ ഹെലികോപ്റ്ററുകൾ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഒറ്റപ്പെട്ടുക്കിടക്കുന്ന പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെയും പരിക്കേറ്റവരെയും രക്ഷിക്കുന്നതിനുള്ള ഒട്ടനവധി ദൗത്യങ്ങൾ നടത്തി അതിനു പുറമേ ശ്രീലങ്കൻ സൈന്യത്തെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് വിന്യസിച്ചു.
ഒന്നിലധികം ദൗത്യങ്ങൾ നടത്തിക്കൊണ്ട് വ്യോമസേന ഹെലികോപ്റ്ററുകൾ ദിയതലാവ ആർമി ക്യാമ്പിൽ നിന്നും കൊളംബോയിൽ നിന്നും 57 ശ്രീലങ്കൻ ആർമി ഉദ്യോഗസ്ഥരെ കോട്മലയിലേക്ക് എത്തിച്ചു. ശ്രീലങ്കയുടെ മധ്യ പ്രവിശ്യയിലെ മണ്ണിടിച്ചിലിൽ തകർന്ന പ്രദേശമാണ് കോട്മല. ഇന്ത്യൻ വ്യോമസേന ഒരു ഹൈബ്രിഡ് ദൗത്യം ഏറ്റെടുത്തു, അവിടെ ഗരുഡ് കമാൻഡോകളെ ഒറ്റപ്പെട്ടുപോയ സാധാരണക്കാരുടെ അടുത്തേക്ക് ഇറക്കി, തുടർന്ന് ഇവരെ മുൻകൂട്ടി നിശ്ചയിച്ച ലാൻഡിംഗ് സൈറ്റുകളിലേക്ക് കൊണ്ടുപോകുകയും അവരെ ഹെലികോപ്റ്റർ മാർഗ്ഗം സുരക്ഷിത സ്ഥലത്ത് എത്തിച്ചു.
ഈ ദൗത്യത്തിലൂടെ ശ്രീലങ്കൻ പൗരൻമാർ ഇന്ത്യക്കാർ, വിദേശ പൗരന്മാർ, എന്നിവരുൾപ്പെടെ ആകെ 55 സിവിലിയന്മാരെ കൊളംബോയിലേക്ക് വിജയകരമായി ഒഴിപ്പിച്ചു. ഈ ദൗത്യത്തിൽ മരിച്ച ആറ് പേരും നാല് കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് ഇന്ത്യൻ ഹെലികോപ്റ്ററുകൾ ഇതുവരെ രക്ഷാപ്രവർത്തനത്തിനായി 12 ലധികം തവണ പറന്നിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ നാളെയും തുടരും.
ദ്വീപ് രാജ്യത്തേക്ക് രക്ഷാ സാമഗ്രികൾ എത്തിക്കുന്നതിനും എൻഡിആർഎഫ് ടീമുകളെ എത്തിക്കുന്നതിനും ഉപയോഗിച്ചിരുന്ന ഇന്ത്യൻ വ്യോമസേനയുടെ ഐഎൽ -76, സി -130 ജെ ഹെവി ലിഫ്റ്റ് വിമാനങ്ങൾ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ വലിയ തോതിൽ ഒഴിപ്പിച്ചു. ഈ വിമാനങ്ങൾ കൊളംബോയിൽ നിന്ന് തിരുവനന്തപുരത്തേക്ക് 2025 നവംബർ 30 രാത്രി 7.30 ന്
200 ലധികം ഇന്ത്യക്കാരെ എത്തിച്ചു. സി -130 ജെ വിമാനങ്ങളിൽ അടുത്ത 135 പേർ കൂടി രാത്രി 11 30 യോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യയും ശ്രീലങ്കയും ആഴത്തിലുള്ള ചരിത്രപരവും സാംസ്കാരികവും മാനുഷികവുമായ ബന്ധങ്ങൾ പങ്കിടുന്ന രാജ്യങ്ങളാണ്. പ്രാദേശിക സഹകരണത്തിന്‍റെയും പരസ്പര സഹായത്തിന്‍റെയും തത്വങ്ങളാൽ നയിക്കപ്പെടുന്ന, ആവശ്യമുള്ള സമയങ്ങളിൽ അയൽക്കാരെ പിന്തുണയ്ക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഓപ്പറേഷൻ സാഗർ ബന്ധു വീണ്ടും ഉറപ്പിക്കുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിലനിർത്തുന്നതിന് ഇന്ത്യൻ വ്യോമസേന പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്, കൂടാതെ ശ്രീലങ്കയിലെ ജനങ്ങളെ അവരുടെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളിൽ സഹായിക്കുന്നതിന് ആവശ്യമായ പിന്തുണ നൽകുന്നത് തുടരും.