ഇറാൻ പിടിച്ചെടുത്തതായി അവകാശപ്പെട്ട അമെരിക്കയുടെ ആളില്ലാ അണ്ടർവാട്ടർ വാഹനം

 
World

ഹോർമുസ് കടലിടുക്കിൽ അമെരിക്കയുടെ അന്തർവാഹിനി പിടിച്ചെടുത്തെന്ന് ഇറാൻ; ‘തകരാറിലായ ഡ്രോൺ’ എന്ന് യുഎസ്

‘ഡൈവ്-എൽഡി’ എന്ന ആളില്ലാ അണ്ടർവാട്ടർ വാഹനം സങ്കീർണമായ രഹസ്യാന്വേഷണ നീക്കത്തിലൂടെ പിടിച്ചെടുത്തതെന്നാണ് ഇറാന്‍റെ അവകാശവാദം

Sarath Nath MS

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ അമെരിക്കൻ സൈന്യത്തിന്‍റെ അത്യാധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി അവകാശപ്പെട്ട് ഇറാൻ. ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സിന്‍റെ ഔദ്യോഗിക മാധ്യമമായ സെപാഹ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

‘ഡൈവ്-എൽഡി’ എന്ന ആളില്ലാ അണ്ടർവാട്ടർ വാഹനം സങ്കീർണമായ രഹസ്യാന്വേഷണ നീക്കത്തിലൂടെ പിടിച്ചെടുത്തതെന്നാണ് ഇറാന്‍റെ അവകാശവാദം. പിടിച്ചെടുത്ത വാഹനത്തിന്‍റെ ദൃശ്യങ്ങളും ഇറാൻ പുറത്തുവിട്ടു. ലോകത്തെ ഏറ്റവും ആധുനികമായ അണ്ടർവാട്ടർ സാങ്കേതികവിദ്യകളിലൊന്നാണ് വാഹനത്തിലുള്ളതെന്നും ഇറാൻ അവകാശപ്പെട്ടു.

ഇറാന്‍റെ അവകാശവാദത്തിന് പിന്നാലെ അമെരിക്കൻ സൈന്യവും ഒരു അണ്ടർവാട്ടർ ഡ്രോൺ തകരാറിലായതായി സ്ഥിരീകരിച്ചു. എന്നാൽ ഇറാൻ പിടിച്ചെടുത്തതായി പറയുന്ന അതേ വാഹനമാണോ ഇതെന്ന് അമെരിക്ക വ്യക്തമാക്കിയിട്ടില്ല. സൈനിക പ്രവർത്തനങ്ങളുടെ ഭാഗമായി നിരീക്ഷണം നടത്തുന്നതിനിടെയാണ് ഡ്രോൺ തകരാറിലായതെന്ന് പെന്‍റഗൺ വക്താവ് പറഞ്ഞു. തകരാറിലായ ഡ്രോൺ പഴയ മോഡലിലുള്ളതാണെന്നും അതിൽ രഹസ്യ വിവരങ്ങൾ ശേഖരിക്കുന്ന സംവിധാനങ്ങളോ സോണാർ, റഡാർ ഉപകരണങ്ങളോ ഉണ്ടായിരുന്നില്ലെന്നും അമെരിക്ക വ്യക്തമാക്കി.

ഡൈവ്-എൽഡിക്ക് താവളത്തിലേക്ക് മടങ്ങാതെ 10 ദിവസം വരെ പ്രവർത്തിക്കാൻ കഴിയും. ഏകദേശം 6,000 മീറ്റർ വരെ ആഴത്തിൽ മുങ്ങാനും വാഹനത്തിന് ശേഷിയുണ്ട്. വാഹനത്തിന്‍റെ ഒരു യൂണിറ്റിന് ഏകദേശം 25 ലക്ഷം ഡോളറാണ് വിലയെന്നും റിപ്പോർട്ടുകളുണ്ട്.

അഞ്ച് ഇറാനിയൻ എണ്ണക്കപ്പലുകൾ തകർത്തതായി അമെരിക്ക

ഇറാൻ റെവല്യൂഷനറി ഗാർഡ് അമെരിക്കൻ യുദ്ധക്കപ്പലിനെ ആക്രമിച്ചതിന് പിന്നാലെ അഞ്ച് ഇറാനിയൻ ക്രൂഡ് ഓയിൽ ടാങ്കറുകൾ തങ്ങളുടെ സൈന്യം തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് അമെരിക്കൻ യുദ്ധക്കപ്പലിനെ ആക്രമിക്കാൻ ഇറാൻ നടത്തിയ രണ്ട് ശ്രമങ്ങൾക്ക് മറുപടിയായാണ് ആക്രമണം നടത്തിയതെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

ഇതിനിടെ ഇറാനെതിരായ സമ്മർദം ശക്തമാക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തെ 27 വിമാനക്കമ്പനികളെ യുഎസ് ട്രഷറി പ്രത്യേക ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തി. ഇറാന്‍റെ വാണിജ്യ വിമാനക്കമ്പനികൾ രാജ്യത്തിന്‍റെ അസ്ഥിരത സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളെ ദീർഘകാലമായി പിന്തുണയ്ക്കുന്നുവെന്നാണ് അമെരിക്കയുടെ ആരോപണം.

മാസപ്പടി കേസ്; പിണറായിക്കെതിരേ കേസെടുക്കുന്നത് നിയമോപദേശത്തിന് ശേഷം മാത്രമെന്ന് വി.ഡി. സതീശൻ

സംസ്ഥാനത്ത് 4 ഡിഗ്രി വരെ ചൂട് കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

മുൻ ഡൽഹി ചീഫ് സെക്രട്ടറി ആത്മഹത്യ ചെയ്തു

കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കുട്ടിയാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അയ്യപ്പക്ഷേത്രത്തില്‍ സ്വീകരണം