ഹോർമുസിൽ 2 കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ; ഒന്ന് ഇന്ത്യയിലേക്കുള്ള കപ്പൽ
file image
ടെഹ്‌റാന്‍: സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് ഹോര്‍മുസിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് കപ്പലുകള്‍ ഇറാന്‍റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് (ഐആര്‍ജിസി) പിടിച്ചെടുത്തതായി വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്തു. ഈ കപ്പലുകള്‍ ഇറാനിയന്‍ തീരത്തേയ്ക്ക് മാറ്റുകയും ചെയ്തു. 'എംഎസ്‌സി ഫ്രാന്‍സെസ്‌ക, എപാമിനോണ്ടാസ് ' എന്നീ കപ്പലുകളെയാണ് ഇറാന്‍ പിടിച്ചെടുത്തതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
രണ്ട് കപ്പലുകളില്‍ ഒരു കപ്പലായ ' എപാമിനോണ്ടാസ് ' ദുബായിലെ ജബല്‍ അലി തുറമുഖത്ത് നിന്ന് ഗുജറാത്തിലേക്ക് പോവുകയായിരുന്നു. ' എപാമിനോണ്ടാസ് ' കപ്പല്‍ വഹിച്ചിരുന്നത് ലൈബീരിയന്‍ പതാകയാണ്. ' എംഎസ്‌സി ഫ്രാന്‍സെസ്‌ക ' വഹിച്ചിരുന്നത് പനാമയുടെ പതാകയുമായിരുന്നു. ഗ്രീക്ക് ഉടമസ്ഥതയിലുള്ള യൂഫോറിയ എന്ന കപ്പലിനെയും ഇറാന്‍റെ തീരത്തേയ്ക്ക് മാറ്റിയിരിക്കുകയാണ്. രണ്ട് കപ്പലുകള്‍ക്ക് നേരെ ഐആര്‍ജിസി വെടിവയ്പ്പും നടത്തുകയും റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും വര്‍ഷിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഒരു കപ്പലിന്‍റെ സെന്‍ട്രല്‍ കമാന്‍ഡ് സെന്‍ററിനു കേടുപാടുകള്‍ സംഭവിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കപ്പലിലെ ജീവനക്കാര്‍ക്ക് പരുക്കുകളൊന്നും സംഭവിച്ചിട്ടില്ല.
യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ബുധനാഴ്ച അനിശ്ചിതകാലത്തേയ്ക്കു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും മേഖലയില്‍ സംഘര്‍ഷം തുടരുന്നതിന്റെ സൂചന കൂടിയായി ഈ സംഭവം മാറി. നാവിക ഉപരോധത്തിന്‍റെ ഭാഗമായി ഒമാന്‍ ഉള്‍ക്കടലിന് സമീപം ഇറാനിയന്‍ പതാക വഹിച്ച രണ്ട് ചരക്ക് കപ്പലുകളെ യുഎസ് നാവികസേന കഴിഞ്ഞയാഴ്ച പിടിച്ചെടുത്തിരുന്നു.