യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ്, ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ്  ബാക്കർ ഖാലിബാഫ്.

 
World

യുഎസ് - ഇറാൻ സമാധാന കരാർ ഞായറാഴ്ച ഒപ്പുവയ്ക്കും

മൂന്ന് മാസം നീണ്ട യുദ്ധത്തിന് വിരാമമിട്ട് ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് വഴിയൊരുക്കുന്ന കരാറില്‍ ജെ.ഡി. വാന്‍സും മുഹമ്മദ് ബാക്കര്‍ ഖാലിബാഫും ഒപ്പുവയ്ക്കുമെന്ന് സൂചന

MV Desk

ജനീവ: മൂന്ന് മാസം പിന്നിട്ട സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ഉടമ്പടിയില്‍ ഞായറാഴ്ച യുഎസും ഇറാനും ഒപ്പുവയ്ക്കും. ഇറാനുമായി കരാറിലെത്തിയതായി വ്യാഴാഴ്ച യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. കരാര്‍ ഒപ്പുവച്ചാലുടന്‍ ഹോര്‍മുസ് കടലിടുക്ക് ഔദ്യോഗികമായി തുറക്കുമെന്നും ട്രംപ് പറഞ്ഞു.

കരാര്‍ ഒപ്പിടുന്നതിനുള്ള വേദി സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയായിരിക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ശനിയാഴ്ചയോടെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച സമാധാന കരാറില്‍ ഒപ്പുവയ്ക്കാന്‍ സാഹചര്യമൊരുക്കുക എന്നതിനാണ് പ്രാധാന്യം കൊടുക്കുന്നത്.

15 മുതല്‍ 17 വരെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ഫ്രഞ്ച് ആല്‍പ്സിലെ ഇവിയനില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്കായി ലോക നേതാക്കള്‍ ഒത്തുകൂടുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ സമാധാന കരാര്‍ ഒപ്പിടാന്‍ യോജിച്ച വേദി ജനീവയാണെന്ന അഭിപ്രായം പൊതുവേയുണ്ട്. യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സും, ഇറാന്‍ പാര്‍ലമെന്‍റ് സ്പീക്കര്‍ മുഹമ്മദ് ബാക്കര്‍ ഖാലിബാഫുമായിരിക്കും കരാറില്‍ ഒപ്പുവയ്ക്കുക എന്നാണ് സൂചന.

ഒന്നിലധികം മേഖലകളിലായി നടക്കുന്ന യുദ്ധം നിര്‍ത്തലാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് സമാധാന ഉടമ്പടി. യുഎസും ഇറാനും തമ്മിലുള്ള ഏതൊരു കരാറിലും ലെബനനെയും ഉള്‍പ്പെടുത്തണമെന്നാണ് ഇറാന്‍റെ ആവശ്യം. ലെബനനില്‍ ഹിസ്ബുള്ളക്കെതിരേ ഇസ്രയേല്‍ സൈനിക നടപടികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യം ഇറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇറാന്‍റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പിന്നീട് നടത്തും. എന്നാല്‍, ഇക്കാലയളവില്‍ ഇറാന്‍ ആണവായുധം വികസിപ്പിക്കരുതെന്ന നിലപാട് വാഷിങ്ടണ്‍ കരാറില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

14 ഇന നിര്‍ദേശങ്ങളാണ് കരാറിലുള്ളത്. ഇതില്‍ ഇറാന്‍റെ എണ്ണയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം താത്കാലികമായി നീക്കം ചെയ്യുക, ഇറാന്‍റെ തുറമുഖങ്ങള്‍ക്കു മേല്‍ യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിന്‍വലിക്കുക, ഇറാന്‍റെ മരവിപ്പിച്ച ഫണ്ടുകള്‍ പകുതി വിട്ടു നല്‍കുക എന്നിവ ഉള്‍പ്പെടുന്നുണ്ട്. ഇതിനുപുറമെ എല്ലാ അമെരിക്കന്‍ സേനകളും ഇറാനില്‍ നിന്ന് പിന്മാറേണ്ടതുണ്ട്.

യുഎസും ഇറാനും സമാധാന കരാറിലെത്തുമെന്ന പ്രതീക്ഷയില്‍ വെള്ളിയാഴ്ച ആഗോള ഓഹരികള്‍ കുതിച്ചുയര്‍ന്നു. ഫെബ്രുവരി 28നാണ് യുഎസും ഇസ്രയേലും സംയുക്തമായി ഇറാനെതിരേ ആക്രമണം ആരംഭിച്ചത്. തുടര്‍ന്ന് ഇറാനും തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ പശ്ചിമേഷ്യ സംഘര്‍ഷഭരിതമായി. അമെരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും തക്കതായ തിരിച്ചടി നല്‍കുന്നതിനായി ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം അടച്ചു. അതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോക രാഷ്‌ട്രങ്ങളില്‍ ഊര്‍ജ പ്രതിസന്ധി നേരിട്ടു.

ഗള്‍ഫിലുള്ള അമെരിക്കയുടെ സൈനിക താവളങ്ങള്‍ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ടും ഇറാന്‍ ആക്രമണം നടത്തുകയുണ്ടായി. ഇതോടെ ചരക്കുനീക്കം സ്തംഭിക്കുകയും, വിമാന സര്‍വീസുകളെ ദോഷകരമായി ബാധിക്കുകയും ചെയ്തു. വിഷമ ഘട്ടത്തിലൂടെ ലോകം കടന്നുപോകുമ്പോഴാണ് യുദ്ധത്തിന് വിരാമമിട്ടു കൊണ്ടുള്ള വാര്‍ത്ത വന്നിരിക്കുന്നത്.

കെഎസ്ആർടിസിക്ക് ബസ് വാങ്ങിയതിൽ കോടികളുടെ ക്രമക്കേട്?

ചേരികൾ ഒഴിപ്പിക്കുന്നു; ധാരാവിയുടെ മുഖം മാറും

റഷ്യൻ എണ്ണ: യുഎസിന്‍റെയും യൂറോപ്പിന്‍റെയും ഇരട്ടത്താപ്പ് തുറന്നുകാട്ടി ജയശങ്കർ

ഗൾഫിലെ സിബിഎസ്ഇ വിദ്യാർഥികൾക്ക് പ്രത്യേക നയം

യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ