യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ തകർന്ന ടെഹ്റാനിലെ ബഹുനില കെട്ടിടം.

 
World

എന്നു തീരുമീ യുദ്ധം! 45 ദിവസത്തെ വെടിനിർത്തലിനു ശ്രമം

ഇറാന് യുഎസ് നൽകിയ 48 മണിക്കൂർ സമയപരിധി അവസാനിക്കും മുൻപ് 45 ദിവസത്തെ താത്കാലിക വെടിനിർത്തൽ ധാരണയിലെത്തിക്കാൻ മധ്യസ്ഥ രാജ്യങ്ങളുടെ തീവ്ര ശ്രമം

MV Desk

ആഴ്ചകൾ നീണ്ട സംഘർഷത്തിന് അറുതി വരുത്തിക്കൊണ്ട് അമേരിക്കയെയും ഇറാനെയും 45 ദിവസത്തെ താത്കാലിക വെടിനിർത്തൽ ധാരണയിലെത്തിക്കാൻ മധ്യസ്ഥ രാജ്യങ്ങളുടെ തീവ്ര ശ്രമം. ചർച്ചകൾ വിജയിച്ചാൽ ഇത് യുദ്ധത്തിന്‍റെ പൂർണ്ണമായ അന്ത്യത്തിലേക്ക് നയിച്ചേക്കുമെന്നാണ് പ്രതീക്ഷ.

മേഖലയിൽ മധ്യസ്ഥ ശ്രമം നടത്തിവരുന്ന പാക്കിസ്ഥാൻ, തുർക്കി, ഈജിപ്റ്റ് എന്നീ രാജ്യങ്ങൾ യുഎസ് പ്രതിനിധികളുമായി ഇറാൻ പ്രതിനിധികളുമായും ഇതുസംബന്ധിച്ച ചർച്ചകൾ നടത്തിവരുകയാണെന്നാണ് റിപ്പോർട്ട്.

അതേസമയം, ട്രംപിന്‍റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാന്‍റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചിയും തമ്മിൽ സന്ദേശങ്ങൾ കൈമാറുന്നുണ്ടെങ്കിലും 48 മണിക്കൂറിനുള്ളിൽ ഭാഗികമായെങ്കിലും ഒരു കരാർ രൂപീകരിക്കപ്പെടാൻ സാധ്യത കുറവാണെന്നാണ് സൂചന.

രണ്ട് ഘട്ടങ്ങളായി സമാധാന പദ്ധതി

നിലവിൽ ചർച്ച ചെയ്യപ്പെടുന്ന കരാർ രണ്ട് ഘട്ടങ്ങളിലായാണ് വിഭാവനം ചെയ്തിരിക്കുന്നത്:

  1. 45 ദിവസത്തെ വെടിനിർത്തൽ. ഈ കാലയളവിൽ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനുള്ള ചർച്ചകൾ മധ്യസ്ഥർ വഴി നടത്തും.

  2. ഫെബ്രുവരി 28-ന് അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തോടെ ആരംഭിച്ച യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കുന്നതിനുള്ള കരാർ.

ട്രംപിന്‍റെ അന്ത്യശാസനം

ചൊവ്വാഴ്ചത്തെ സമയപരിധിക്ക് മുൻപ് കരാർ ഉണ്ടാകാൻ നല്ല സാധ്യതയുണ്ടെന്നാണ് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇപ്പോഴും പറയുന്നത്. "കരാർ ഉണ്ടായില്ലെങ്കിൽ അവിടെയുള്ള എല്ലാം ഞാൻ നശിപ്പിക്കും" എന്ന ഭീഷണി മുഴക്കാനും ട്രംപ് മറന്നില്ല.

ഹൊർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്‍റെ വൈദ്യുതി നിലയങ്ങൾ, പാലങ്ങൾ, ജലവിതരണ സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നുമെന്നാണ് മുന്നറിയിപ്പ്.

യുഎസ്-ഇസ്രായേൽ സൈന്യം ഇറാനുനേരെ വലിയ തോതിലുള്ള ബോംബാക്രമണത്തിന് പദ്ധതി തയാറാക്കി കഴിഞ്ഞെന്നും സമാധാന ചർച്ചകൾക്ക് ഒരു അവസാന അവസരം കൂടി നൽകാനായി ഇത് താത്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നുമാണ് വിവരം.

തടസങ്ങൾ

ഹൊർമുസ് കടലിടുക്ക് പൂർണമായി തുറക്കുക, ഇറാന്‍റെ യുറേനിയം ശേഖരം പുറത്തുകൊണ്ടുപോവുകയോ നിർവീര്യമാക്കുകയോ ചെയ്യുക എന്നീ ആവശ്യങ്ങളാണ് അമേരിക്ക പ്രധാനമായും മുന്നോട്ടു വയ്ക്കുന്നത്. എന്നാൽ, ഗാസയിലെയോ ലബനനിലെയോ പോലെ കടലാസിൽ മാത്രം വെടിനിർത്തൽ ഒപ്പിട്ട് അമേരിക്കയും ഇസ്രയേലും പിന്നീട് എപ്പോൾ വേണമെങ്കിലും ആക്രമിക്കുന്ന സാഹചര്യം ഉണ്ടാകരുത് എന്ന ഉറച്ച നിലപാടിലാണ് ഇറാൻ.

ഇതിനിടെ, അമേരിക്കൻ ആക്രമണത്തിന് മറുപടിയായി കുവൈറ്റ്, ബഹ്‌റൈൻ, യുഎഇ എന്നിവിടങ്ങളിലെ ഊർജ നിലയങ്ങൾക്കു നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ദുബായിലെ ജബൽ അലി തുറമുഖത്ത് ഇസ്രായേൽ ബന്ധമുള്ള കപ്പലിനു നേരെയും ആക്രമണമുണ്ടായി. അഞ്ച് ആഴ്ചയിലധികമായി തുടരുന്ന യുദ്ധത്തിൽ ഇറാനിലും ലബനനിലുമായി ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.

സിബിഎസ്ഇ ഉത്തര പേപ്പറിന്‍റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

സ്കൂളുകളിൽ താൽക്കാലിക അധ്യാപക നിയമനങ്ങൾക്കും ഇനി കെ-ടെറ്റ് നിർബന്ധം; ഉത്തരവിറക്കി പൊതു വിദ്യാഭ്യാസ വകുപ്പ്

"നാടിന്‍റെ ആ മുറവിളി തന്നെ അമ്പരപ്പിച്ചു"; മോഹൻലാൽ

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് മുകളിലേക്ക് മരം കടപുഴകി വീണു