സയീദ് ഇസാദി, ബെഹ്‌നാം ഷഹരിയാരി
ടെൽഅവീവ്: ഇറാന്‍റെ മുതിർന്ന രണ്ട് കമാൻഡർമാരെ വധിച്ചതായി ഇസ്രയേൽ. ക്വോമിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ്സ് കോറിന്‍റെ (ഐആർജിസി) പലസ്തീൻ വിഭാഗം മേധാവി സയീദ് ഇസാദിയും പടിഞ്ഞാറൻ ഇറാനിൽ യാത്ര ചെയ്യുകയായിരുന്ന ഐആർജിസി ഖുദ്സ് ഫോഴ്സ് കമാൻഡർ ബെഹ്‌നാം ഷഹരിയാരിയും കൊലപ്പെട്ട വിവരം ഇസ്രയേൽ എക്സിലൂടെയാണ് അറിയിച്ചത്.
ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് സയീദ് ഇസാദിയും, ബെഹ്‌നാം ഷഹരിയാരിയും ആണെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു.
ഖുദ്സ് ഫോഴ്സിലെ പലസ്തീൻ കോറിന്‍റെ കമാൻഡറും ഇറാനിയൻ ഭരണകൂടത്തെയും ഹമാസീനെയും തമ്മിൽ ഏകോപിപ്പിക്കുന്ന പ്രധാന കണ്ണിയും ഒക്ടോബറിൽ നടന്ന കൂട്ടക്കൊലയുടെ പ്രധാന ആസൂത്രകരിലൊരാളുമായിരുന്നു സയീദ് ഇസാദി.
ഐആർജിസി ഖുദ്സ് ഫോഴ്സ് കമാൻഡർ ബെഹ്‌നാം ഷഹരിയാരിയെ കൃത്യമായ ടാർഗറ്റ് ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതായി ഇസ്രയേൽ അറിയിച്ചു.
ഇറാനിൽ നിന്നുളള ആയുധങ്ങൾ പലസ്തീനിലും ലബനനിലും മറ്റ് രാജ്യങ്ങളിലും എത്തിക്കുന്നതിന്‍റെ ചുമതല വഹിച്ചിരുന്നത് ബെഹ്‌നാം ഷഹരിയാരിയാണെന്നാണ് ഇസ്രയേൽ പറയുന്നത്. വാഹനത്തിൽ പോവുന്ന ഷഹരിയാരിയെ വധിക്കുന്നതിന്‍റെ വീഡിയോയും എഡിഎഫ് പുറത്തുവിട്ടു.