ജറൂസലമിലെ അൽ അഖ്സ പളളിയിൽ പ്രാർഥന നടത്തി ഇസ്രയേൽ മന്ത്രി; ലംഘിച്ചത് ദശാബ്ദങ്ങൾ പഴക്കമുളള കരാർ
ജറുസലേം: ജറൂസലേമിലെ അൽ അഖ്സ പളളിയിൽ അനുയായികളുമായെത്തി പ്രാർഥന നടത്തി തീവ്ര വലതുപക്ഷ നിലപാടുളള ഇസ്രയേൽ മന്ത്രി. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗ്വിറാണ് അൽ അഖ്സ മസ്ജിദ് വളപ്പിൽ ജൂതരുടെ ദുഃഖാചരണ ദിനമായ തിഷാ ബിആവിന്‍റെ ഭാഗമായി പ്രാർഥന നടത്തിയത്.
ഇതോടെ ജൂതർക്ക് ഇവിടെ ആരാധന വിലക്കുന്ന ദശാബ്ദങ്ങൾ പഴക്കമുളള കരാറാണ് ലംഘിച്ചത്. പ്രാർഥനയ്ക്കു ശേഷം ഗാസ കീഴടക്കാന്‍ ഇറ്റാമർ ബെൻഗ്വിർ ആഹ്വാനം ചെയ്തു. മുൻപും തിഷാ ബിആവ് അനുസ്മരണങ്ങൾ ഉൾപ്പെടെ പലതവണ ബെൻഗ്വിർ സമുച്ചയം സന്ദർശിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് പ്രാർഥനയ്ക്ക് നേതൃത്വം നൽകുന്നത്.
അൽ അഖ്‌സ പള്ളിയുടെ ഭരണം നടത്തുന്ന ജോർദാനും സൗദി അറേബ്യയും ബെൻ ഗ്വിറിന്‍റെ നടപടിയെ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക നിയമങ്ങളുടെയും ലംഘനവും അംഗീകരിക്കാനാവാത്ത പ്രകോപനവുമാണിതെന്ന് ജോർദാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
1967ൽ ജോർദാനിൽനിന്ന് ജറൂസലമിലെ പഴയ നഗരം ഇസ്രയേൽ പിടിച്ചടക്കിയത് മുതൽ ധാരണ പ്രകാരം മുസ്‌ലിംകൾക്കു മാത്രമേ ഇവിടെ പ്രാർഥന നടത്താൻ അവകാശമുളളൂ.