പീറ്റ് ഹെഗ്സെത്ത്

 
World

ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ ഇറാന് യുഎസ് സൈന്യത്തെ നേരിടേണ്ടി വരുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി

ഹോർമൂസിന്‍റെ നിയന്ത്രണം തങ്ങൾക്കാണെന്നും പീറ്റ് ഹെഗ്സെത്ത്

Reena Varghese

സിംഗപ്പൂർ/വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾ നിർണായക ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ ആവശ്യമെങ്കിൽ ഗൾഫ് മേഖലയിൽ വീണ്ടും ശക്തമായ സൈനിക നടപടികളിലേയ്ക്ക് കടക്കാൻ അമെരിക്ക സന്നദ്ധമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. യുദ്ധത്തിന്‍റെ ആദ്യ ദിനത്തേക്കാൾ കൂടുതൽ കരുത്തോടെയും സജ്ജമായും ആണ് നിലവിൽ യുഎസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത്- ഹെഗ്സെത്ത് പറഞ്ഞു. സിംഗപ്പൂരിൽ നടക്കുന്ന "ഷാങ്ഗ്രി-ലാ ഡയലോഗ്' സുരക്ഷാ സമ്മേളനത്തിൽ പങ്കെടുക്കവേ ശനിയാഴ്ച നടത്തിയ പ്രസ് കോൺഫറൻസിലാണ് ഹെഗ്സെത്ത് ഇത് പറഞ്ഞത്.

ആവശ്യമെങ്കിൽ വീണ്ടും യുദ്ധത്തിലേയ്ക്കു കടക്കാൻ രാജ്യം സുസജ്ജമെങ്കിലും പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നയതന്ത്രപരമായ പരിഹാരത്തിനാണ് മുൻഗണന നൽകുന്നതെന്ന് ഹെഗ്സെത്ത് പറഞ്ഞു. ഇറാൻ ഒരു കാരണവശാലും ആണവായുധം കൈക്കലാക്കാൻ പാടില്ലെന്നതാണ് അമെരിക്കയുടെ അന്തിമ ലക്ഷ്യം.

അതിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയാറല്ല. നിലവിൽ അമെരിക്കയുമായുള്ള ചർച്ചകളിൽ ഇറാൻ അനുകൂലമായ നിലപാടിലേയ്ക്ക് വരുന്നുണ്ടെന്നും ചർച്ചകൾ ഫലപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങൾ എങ്ങോട്ടാണ് നീങ്ങേണ്ടതെന്ന് ഇറാനിയൻ ഭരണകൂടത്തിന് കൃത്യമായി അറിയാം.

തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിന്‍റെ നിയന്ത്രണം തങ്ങൾക്കാണെന്ന് വരുത്തി തീർക്കാൻ ഇറാൻ ശ്രമിക്കുന്നുണ്ടെങ്കിലും യഥാർഥത്തിൽ അതിന്‍റെ നിയന്ത്രണം അമെരിക്കയുടെ പക്കലാണെന്ന് ഹെഗ്സെത്ത് അവകാശപ്പെട്ടു.

ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്ന് ഉറപ്പു നൽകുന്ന മികച്ചൊരു കരാറിന് ഇറാൻ തയാറാകുന്നില്ലെങ്കിൽ അവർക്ക് അമെരിക്കൻ സൈന്യത്തിന്‍റെ കരുത്ത് നേരിടേണ്ടി വരുമെന്ന് പ്രതിരോധ സെക്രട്ടറി കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി.അതിനായുള്ള എല്ലാവിധ ആയുധശേഖരവും അമെരിക്കയുടെ പക്കലുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

കുവൈറ്റിലെ യുഎസ് താവളത്തിന് നേരെ ഇറാന്‍റെ മിസൈൽ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ അമെരിക്കൻ പ്രതിരോധ സെക്രട്ടറിയുടെ ഈ ശക്തമായ പ്രസ്താവന മേഖലയിലെ സൈനിക സമവാക്യങ്ങളെ കൂടുതൽ സങ്കീർണമാക്കുകയാണ്.

ലഹരി മാഫിയക്കെതിരേ ആഞ്ഞടിക്കാൻ ചെന്നിത്തലയുടെ ഓപ്പറേഷൻ തൂഫാൻ

കെപിസിസി പ്രസിഡന്‍റാകാനുള്ള മത്സരത്തിൽ 5 പേർ

ഗുജറാത്ത് ടൈറ്റാനിക് ആയി

സ്കൂളിലെ ആർത്തവ അവധിയിൽ നയം മാറ്റം

ഈയാഴ്ച കനത്ത മഴ; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്