യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍നിന്ന് ബൈഡന്‍ പിന്‍മാറി 
World

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍നിന്ന് ബൈഡന്‍ പിന്‍മാറി

നിലവിലുള്ള വൈസ് പ്രസിഡന്‍റും ഇന്ത്യൻ വംശജയുമായ കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയാകാൻ സാധ്യത

വാഷിങ്ടണ്‍: നിലവിലുള്ള യുഎസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ജോ ബൈഡന്‍ അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്നു പിന്മാറി. പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും താത്പര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് വിശദീകരണം. നിലവില്‍ കോവിഡ് ബാധിതനായി റെഹോബോത്തിലെ അവധിക്കാല വസതിയില്‍ നിരീക്ഷണത്തിലാണ് ബൈഡന്‍.അടുത്തയാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുമായി തിരിച്ചെത്തുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് പിന്‍മാറ്റ തീരുമാനം.

എണ്‍പത്തൊന്നുകാരനായ ബൈഡന് ഓര്‍മക്കുറവ് ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ തെരഞ്ഞെടുപ്പില്‍ നിന്നു പിന്‍മാറണമെന്ന ആവശ്യം ശക്തമായിരുന്നു. നവംബര്‍ അഞ്ചിനാണ് രാജ്യത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപുമായുള്ള സംവാദത്തിലെ മോശം പ്രകടനത്തെതുടര്‍ന്നാണ് പാര്‍ട്ടിക്കുള്ളില്‍ ബൈഡനെതിരായ ശബ്ദങ്ങള്‍ ശക്തിയാര്‍ജിച്ചത്. ഇതിനിടെ ട്രംപിന് പ്രചാരണത്തിനിടെ വെടിയേല്‍ക്കുകയും ചെയ്തതോടെ പ്രചാരണരംഗമാകെ നാടകീയത നിറയുകയും ചെയ്തിരുന്നു.

ഇനി ശേഷിക്കുന്ന പ്രസിഡന്റ് കാലാവധിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് തീരുമാനമെന്ന് ബൈഡന്‍ പറഞ്ഞു. അതേസമയം, പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് താല്‍പര്യമുണെ്ടങ്കിലും പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും താത്പര്യം കണക്കിലെടുത്ത് പിന്‍മാറുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

ബൈഡനു പകരം നിലവിലുള്ള വൈസ് പ്രസിഡന്റ് കമല ഹാരിസ് സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാനുള്ള പ്രൈമറിയില്‍ ബൈഡനാണ് വിജയച്ചതെങ്കിലും, ഇപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ കമലയുടെ പേരാണ് നിര്‍ദേശിച്ചിരിക്കുന്നത്. ബൈഡന്‍ വിജയിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് മുന്‍ സ്പീക്കര്‍ നാന്‍സി പെലോസിയോട് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞ വിവരവും പുറത്തുവന്നിരുന്നു.

പെരുമ്പാവൂരിൽ നവജാത ശിശുവിന്‍റെ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തി

സംസ്ഥാന ജീവനക്കാർക്ക് ബോണസ് 4500; ഉത്സവബത്ത 3000

സിപിഎമ്മും ആർഎസ്എസും മുതലെടുപ്പ് നടത്തുന്നു; ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ അലോഷ‍്യസ് സേവ‍്യർ

കോൺഗ്രസിന്‍റെ സ്ത്രീപക്ഷ നിലപാടിൽ വിട്ടുവീഴ്ചയില്ല: രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൂടുതൽ നടപടിക്കു മടിക്കില്ല: കെ. മുരളീധരൻ