ഐസിസ് കെ ഭീകരനേതാവ് മെഹമത് ഗോറെൻ
File photo
അങ്കാറ: പാക്-അഫ്ഗാൻ അതിർത്തിയിൽ നിന്നും തുർക്കിയുടെ രഹസ്യാന്വേഷണ വിഭാഗം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ പിടികൂടി. ഐസിസ് ഖൊറാസൻ പ്രവിശ്യയിലെ മുൻനിര നേതാവിനെയാണ് പിടിച്ചത്. മെഹമെത് ഗോറെൻ എന്നാണ് ഇയാളുടെ യഥാർത്ഥ നാമമെന്ന് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തു വരുന്നു. യഹിയ എന്ന പേരിലാണ് ഇയാൾ പരക്കെ അറിയപ്പെട്ടിരുന്നത്. ഇറാൻ, അഫ്ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലായി പരന്നു കിടക്കുന്ന ഖൊറാസൻ ഐസിസ് ഭീകര സംഘനയുടെ മുൻനിര നേതാവാണ് ഇയാൾ.
ഇയാളുടെ മുഖ്യ ചുമതലയാകട്ടെ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും ചാവേർ ആക്രമണങ്ങൾ സംഘടിപ്പിക്കുക എന്നതാണ്. ഐസിസ് സമീപ വർഷങ്ങളിൽ പാക്-അഫ്ഗാൻ മേഖലകളിൽ നടത്തിയ ഭീകരാക്രമണങ്ങളിൽ ചിലതിന്‍റെ ഉത്തരവാദിത്തം ഐസിസ് - കെ(ഖൊറാസൻ ഐസിസ്) ഏറ്റെടുത്തിട്ടുണ്ട്. ഇവയിൽ പലതും സാധാരണക്കാരെ ലക്ഷ്യമിട്ടുള്ളതായിരുന്നു. 2024 മാർച്ചിൽ മോസ്കോ കൺസേർട്ട് ഹാളിൽ നടന്ന ഐസിസ് -കെ ആക്രമണത്തിൽ 149 പേർ കൊല്ലപ്പെടുകയും 609 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.