റിപ്പബ്ലിക്കൻമാർ വിവാദ ഫയലുകൾ പുറത്തു വിടുന്നത് പിന്തുണയ്ക്കണമെന്നും ട്രംപ്
symbolic
വാഷിങ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെ കുറിച്ചുള്ള വിവാദത്തിൽ നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. എപ്സ്റ്റീനുമായുള്ള വിവാദം സംബന്ധിച്ച ഫയലുകൾ പുറത്തു വിടണം എന്നതു സംബന്ധിച്ചുള്ള വോട്ടെടുപ്പിനെ പിന്തുണയ്ക്കണമെന്ന നിർദേശമാണ് സോഷ്യൽ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ആഹ്വാനം ചെയ്തത്.ഏറെക്കാലമായി വോട്ടെടുപ്പിനെ എതിർക്കണമെന്ന നിലപാടായിരുന്നു ട്രംപിന്. എന്നിട്ടാണ് പെട്ടെന്നുള്ള ഈ മലക്കം മറിച്ചിൽ. പാർട്ടിക്കുള്ളിലെ ഭിന്നതയാണ് ഈ നീക്കത്തിനു പിന്നിലെന്നാണ് സൂചന.
ഹൗസ് ഒഫ് റെപ്രസെന്‍റേറ്റീവ്സിൽ ഈ ആഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ട്രംപിന്‍റെ ഈ നിർണായക നീക്കം. എപ്സ്റ്റീൻ ഫയലുകൾ പുറത്തു വിടുന്നതിന് അനുകൂലമായി ഹൗസ് റിപ്പബ്ലിക്കൻമാർ വോട്ട് ചെയ്യണം. നമ്മൾക്ക് മറച്ചു വയ്ക്കാൻ ഒന്നുമില്ല. ഡെമോക്രാറ്റുകളുടെ വഴി തെറ്റിക്കൽ തന്ത്രങ്ങളിൽ നിന്ന് കടന്നു പോകേണ്ട സമയമാണിത് എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.
റിപ്പബ്ലിക്കൻ വിജയങ്ങളിൽ നിന്നു ജനശ്രദ്ധ തിരിക്കാനാണ് ഡെമോക്രാറ്റുകൾ ശ്രമിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു. വിലക്കയറ്റത്തെ സംബന്ധിച്ച ആശങ്കകൾ അടക്കമുള്ള ജനപ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയത്ത് വിഷയം വലുതാക്കി കാണിക്കുന്നത് ഉചിതമല്ലെന്ന് ട്രംപിന്‍റെ ഉപദേശകരും വ്യക്തമാക്കി.
ട്രംപും എപ്സ്റ്റീനും തമ്മിൽ പരിചയ സമ്പർക്കം ഉണ്ടായിരുന്നെങ്കിലും 2006ലെ ആദ്യ അറസ്റ്റിനു മുമ്പേ തന്നെ ബന്ധം ഉപേക്ഷിച്ചതായി ട്രംപ് വ്യക്തമാക്കിയിരുന്നു. 2019ൽ രണ്ടാം അറസ്റ്റിനു പിന്നാലെ ജയിലിൽ വച്ച് എപ്സ്റ്റീൻ മരിക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച ട്രംപ് ഫയലുകൾ പുറത്തു വിടാനുള്ള ശ്രമങ്ങളെ ഒരു തട്ടിപ്പ് എന്നാണ് പരാമർശിച്ചിരുന്നത്. ഇപ്പോഴാകട്ടെ അതിനു നേരെ വിപരീതമായ നിലപാടുമായി രംഗത്തു വന്നിരിക്കുകയാണ് യുഎസ് പ്രസിഡന്‍റ്.