മകൾക്ക് അധികാരം കൈമാറാൻ കിം, പിന്മാറാതെ സഹോദരി; കിമ്മിന്‍റെ കുടുംബത്തിൽ അധികാരത്തർക്കം‍?

 
World

മകൾക്ക് അധികാരം കൈമാറാൻ കിം, പിന്മാറാതെ സഹോദരി; കിമ്മിന്‍റെ കുടുംബത്തിൽ അധികാരത്തർക്കം‍?

അനന്തരവൾക്ക് രാജ്യത്തിന്‍റെ അധികാരം കൈമാറുന്നതിനെ കിമ്മിന്‍റെ സഹോദരി വെറും കൈയോടെ നോക്കി നിൽക്കേണ്ടി വരുമോ എന്ന ചർച്ചകൾ ശക്തമാകുകയാണ്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: കൗമാരപ്രായം കഴിയാത്ത മകൾക്ക് അധികാരം കൈമാറാൻ ഒരുങ്ങുകയാണ് ഉത്തര കൊറിയൻ സ്ഥാനപതി കിം ജോങ് ഉൻ എന്നാണ് റിപ്പോർട്ടുകൾ. ഉത്തര കൊറിയയിൽ നിന്ന് സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ലെങ്കിലും കിമ്മിനൊപ്പം നിർണായക പരിപാടികളിൽ എല്ലാം മകൾ കിം ജു ഏയുമുണ്ടെന്നത് അധികാരക്കൈമാറ്റമെന്ന അഭ്യൂഹത്തെ ശക്തമാക്കുന്നുണ്ട്. കിം ജോങ് ഉന്നിന്‍റെ സഹോദരി കിം ജോങ്ങ് ഉത്തര കൊറിയയിലെ ശക്തയായ വനിതയാണ്. അനന്തരവൾക്ക് രാജ്യത്തിന്‍റെ അധികാരം കൈമാറുന്നതിനെ കിമ്മിന്‍റെ സഹോദരി വെറും കൈയോടെ നോക്കി നിൽക്കേണ്ടി വരുമോ എന്ന ചർച്ചകൾ ശക്തമാകുകയാണ്.

ഏകദേശം 13 വയസായിരിക്കും കിമ്മിന്‍റെ മകൾക്കെന്നാണ് കരുതുന്നത്. ഈ മാസം അവസാനം പ്രാധാന്യമേറിയൊരു രാഷ്ട്രീയ സമ്മേളനത്തിനൊരുങ്ങുകയാണ് ഉത്തര കൊറിയ. സമ്മേളനത്തിൽ കിം തന്‍റെ അധികാരം കൂടുതൽ ശക്തമാക്കുമെന്നാണ് കരുതുന്നത്. അതിനിടെയാണ് മകളെ പിൻഗാമിയാക്കുമെന്ന അഭ്യൂഹങ്ങൾ പുറത്തു വന്നിരിക്കുന്നത്.

പാർട്ടി കോൺഗ്രസിൽ കിമ്മിന്‍റെ മകൾ കിം ജു ഏ പങ്കെടുക്കുമോ എന്നും ലോകം ഉറ്റു നോക്കുകയാണ്. 2022 നവംബറിൽ ദീർഘദൂര മിസൈലിന്‍റെ പരീക്ഷണത്തിനു സാക്ഷ്യം വഹിക്കുന്നതിനായാണ് കിം ജു എ ആദ്യമായി പൊതുമധ്യത്തിൽ വന്നത്. പിന്നീട് നിരവധി പരിപാടികളിൽ കിമ്മിനൊപ്പം പങ്കെടുത്തു. കഴിഞ്ഞ സെപ്റ്റംബറിൽ ബീജിങ്ങിലേക്ക് നടത്തിയ യാത്രയിലും കിമ്മിനൊപ്പം മകൾ ഉണ്ടായിരുന്നു.

കിമ്മിന്‍റെ സഹോദരി കിം യോ ജോങ്ങിന് 38 വയസാണ് പ്രായം. രാജ്യത്തെ രണ്ടാമത്തെ ശക്തികേന്ദ്രം എന്നാണ് ജോങ്ങിനെ വിശേഷിപ്പിക്കുന്നത്. നിലവിൽ പാർട്ടിയിലെ സെൻട്രൽ കമ്മിറ്റിയിലെ സീനിയർ പദവിയാണ് ജോങ്ങിനുള്ളത്. അതു മാത്രമല്ല കിമ്മിന്‍റെ മേൽ ജോങ്ങിനുള്ള സ്വാധീനവും പ്രകടമാണ്.

ഇത്ര കാലം ആസ്വദിച്ചു കൊണ്ടിരുന്ന അധികാരം മറ്റൊരാൾക്കു കൈമാറുന്നത് ജോങ്ങിന് അംഗീകരിക്കാൻ സാധിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. അവസരം ലഭിച്ചാൽ അധികാരം തന്‍റെ കൈപ്പിടിയിലൊതുക്കാൻ ജോങ് ശ്രമിക്കുമെന്ന് ദക്ഷിണ കൊറിയൻ ഇന്‍റലിജൻസ് പറയുന്നു. ഉത്തര കൊറിയയ്ക്ക് അകത്തും പുറത്തും ഭയപ്പെടുന്ന പ്രതിച്ഛായയാണ് ജോങ്ങിനുള്ളത്.

അപ്രതീക്ഷിതമായി കിം ജോങ് ഉൻ മരണപ്പെടുകയോ അസുഖം ബാധിക്കുകയോ ചെയ്താൽ അധികാരം എത്താൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള കൈകൾ ജോങ്ങിന്‍റേതാണെന്നാണ് നിരീക്ഷകർ പറഞ്ഞിരുന്നത്. അതിനു വിരുദ്ധമായാണിപ്പോൾ കിം ജു ഏയെ പിൻഗാമിയാക്കാൻ കിം ‍ഒരുങ്ങുന്നത്. കിം ജൂ ഏയ്ക്ക് രണ്ട് സഹോദരന്മാരുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ഇരുവരും കുട്ടികളാണ്.

1948ൽ ഉത്തര കൊറിയ സ്ഥാപിക്കപ്പെട്ടതു മുതൽ കിമ്മിന്‍റെ കുടുംബമാണ് അധികാരത്തിൽ.

അധികാരത്തിനു വേണ്ടി കുടുംബാംഗങ്ങളെ ഇല്ലാതാക്കുന്ന പാരമ്പര്യമാണ് കിം ജോങ് ഉന്നിന്‍റേത്. അമ്മാവനും ഗുര‌ുവുമായ ജാങ് സോങ് തേയ്ക്കിൽ നിന്നാണ് 2011ൽ കിം അധികാരം ഏറ്റെടുക്കുന്നത്. ജാങ് സോങ് തെയ്ക്കിനെ 2013ൽ പാർട്ടി വിരുദ്ധ, വിപ്ലവ പ്രവർത്തനങ്ങൾ ആരോപിച്ച് വധിച്ചു.

കിമ്മിന്‍റെ അർധസഹോദരനും മറ്റൊരു അവകാശിയുമായ കിം ജോങ് നാമിന്‍റേതും ദുരൂഹമായ കൊലപാതകമായിരുന്നു. ക്വാലലംപുർ വിമാനത്താവളത്തിൽ വച്ച് രണ്ട് സ്ത്രീകൾ വിഷം അടങ്ങിയ സ്പ്രേ അടിച്ചാണ് ജോങ് നാമിനെ കൊലപ്പെടുത്തിയത്.

ശബരിമല യുവതി പ്രവേശനം; പുതിയ ബെഞ്ചിന്‍റെ ഭാഗത്ത് നിന്ന് ന്യായപൂർണമായ നടപടി പ്രതീക്ഷിക്കുന്നു: ജി. സുകുമാരൻ നായർ

അസമിൽ കോൺഗ്രസിന് പ്രതിസന്ധി; മുൻ സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറ രാജിവെച്ചു

ശബരിമലയിലെ യുവതി പ്രവേശനം; പുതിയ ഒമ്പതംഗ ബെഞ്ച് വാദം കേൾക്കും

നിർമാതാവ് പി.എസ്. ഷംനാസുമായുള്ള തർക്കം; ഇനി സമവായ ചർച്ചയ്ക്കില്ലെന്ന് നടൻ നിവിൻ പോളി

സ്വർണം, വെള്ളി വില കുറഞ്ഞു; പവന് 1,14,720 രൂപയായി