അമീർ ഹംസ
കറാച്ചി: നിരോധിത ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ സ്ഥാപകരിലൊരാളായ അമീർ ഹംസയ്ക്ക് പരുക്കേറ്റതായി റിപ്പോർട്ട്. ലാഹോറിലെ വീട്ടിൽ വച്ച് ഹംസയ്ക്ക് പരുക്കേറ്റതായും ആശുപത്രിയിൽ ചികിത്സയിലാണെന്നുമാണ് ദേശീയ മാധ‍്യമങ്ങളുടെ സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.
എന്നാൽ അപകടം എങ്ങനെ സംഭവിച്ചുവെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല. വീട്ടിൽ വച്ച് വെടിയേറ്റതിനെ തുടർന്നാണ് പരുക്കുണ്ടായതെന്നാണ് സമൂഹ മാധ‍്യമങ്ങളിൽ പ്രചരിക്കുന്ന അഭ‍്യൂഹം.
ചോരയിൽ കുളിച്ച് കിടക്കുന്ന അമീർ ഹംസയുടെ ചില ദൃശ‍്യങ്ങളും സമൂഹ മാധ‍്യമങ്ങളിൽ കാണാം. എന്നാൽ വെടിയേറ്റുവെന്ന അഭ‍്യൂഹം അന്വേഷണ ഉദ‍്യോഗസ്ഥർ തള്ളികളഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
അമീർ ഹംസ ഉൾപ്പെടുന്ന 17 ഭീകരവാദികൾ ചേർന്നാണ് ലഷ്കർ ഇ തൊയ്ബ എന്ന ഭീകരസംഘടന സ്ഥാപിച്ചത്. പിന്നീട് സാമ്പത്തിക സഹായം കുറയുന്നുവെന്ന കാരണത്താൽ അമീർ ഹംസ 2018ൽ ജെയ്ഷെ മൻഫാഖ എന്ന മറ്റൊരു ഭീകരസംഘടനയും സ്ഥാപിച്ചിരുന്നു. ജമ്മു കശ്മീർ മേഖലകളിലും അമീർ ഹംസ ഭീകരപ്രവർത്തനങ്ങൾ നടത്തിയതായും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നുണ്ട്.