ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഇനി യുഎഇ സായുധ സേനാ ലെഫ്. ജനറൽ
ദുബായ്: യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് യുഎഇ സായുധ സേനയുടെ ലെഫ്റ്റ്നന്‍റ് ജനറലായി സ്ഥാനക്കയറ്റം നൽകി.
യുഎഇ പ്രസിഡന്‍റും സായുധ സേനയുടെ സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഇത് സംബന്ധിച്ച ഫെഡറൽ ഉത്തരവ് പുറപ്പെടുവിച്ചത്.
യുഎഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായി ചുമതലയേറ്റ് ഒരു വർഷത്തിന് ശേഷമാണ് പുതിയ പദവി അദ്ദേഹത്തെ തേടിയെത്തിയത്. ലോകത്തിലെ ഏറ്റവും മികച്ച സൈനിക അക്കാഡമികളിലൊന്നായ സാൻഡ്‌ഹേഴ്സ് റോയൽ മിലിട്ടറി അക്കാഡമിയിൽ നിന്ന് ഷെയ്ഖ് ഹംദാൻ ബിരുദം നേടിയിട്ടുണ്ട്.
2025 ഫെബ്രുവരിയിൽ, അദ്ദേഹം അന്താരാഷ്ട്ര പ്രതിരോധ പ്രദർശനത്തിൽ പങ്കെടുക്കുകയും കസാക്കിസ്ഥാനിൽ നിന്നും കുവൈറ്റിൽ നിന്നുമുള്ള പ്രതിരോധ ഉദ്യോഗസ്ഥരുമായി പരിശീലനം, ഏകോപനം, അന്താരാഷ്ട്ര സഹകരണം എന്നിവയെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു. മാർച്ചിൽ റമദാൻ മാസത്തിൽ അബുദാബിയിലെ സ്വീഹാൻ പരിശീലന കേന്ദ്രത്തിൽ സൈനികരോടൊപ്പം
അദ്ദേഹം ഇഫ്‌താറിൽ പങ്കെടുത്തത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. രണ്ട് മാസത്തിന് ശേഷം യുഎഇ വ്യോമസേനയുടെ അൽ ദഫ്ര എയർ ബേസ് അദ്ദേഹം സന്ദർശിച്ചു.