രണ്ടു വയസുകാരനെ എടുത്തുയർത്തി തറയിലടിച്ചു; ഇറാനിയൻ വംശജനായ കുട്ടി കോമയിൽ|Video
മോസ്കോ: വിമാനത്താവളത്തിൽ ഇരുന്നിരുന്ന രണ്ടു വയസുള്ള ആൺകുട്ടിയെ എടുത്ത് നിലത്തടിച്ച് റഷ്യക്കാരൻ. ഗുരുതരമായ പരുക്കേറ്റ കുട്ടി ഇപ്പോൾ കോമ സ്റ്റേജിൽ ആശുപത്രിയിൽ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ബെലാറസ് സ്വദേശിയായ വ്ലാഡിമിർ വിത്കോവ് എന്ന 31കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. റഷ്യയിലെ മോസ്കോ വിമാനത്താവളത്തിലാണ് ക്രൂരമായ സംഭവം അരങ്ങറിയത്. ഇറാനിയൻ വംശജനായ കുഞ്ഞാണ് ക്രൂരതയ്ക്ക് ഇരയായത്.
സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നു. ഇറാനിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് കുട്ടിയെയും കൂട്ടി ഗർഭിണിയായ അമ്മ റഷ്യയിലെത്തിയത്. ട്രോളിബാഗിന്‍റെ ഹാൻഡിലിൽ പിടിച്ചു കളിക്കുന്ന കുഞ്ഞിനെ യാതൊരു വിധ പ്രകോപനവും കൂടാതെയാണ് വ്ലാദിമിർ ആക്രമിച്ചത്. കുട്ടിയുടെ അരികിൽ നിന്നിരുന്നയാൾ അപ്രതീക്ഷിതമായി കുട്ടിയെ എടുത്തുയർത്തി തറയിലക്ക് മലർത്തി അടിക്കുകയായിരുന്നു.
സംഭവം കണ്ടെത്തിയവർ പെട്ടെന്ന് തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഇന്ത്യയിലെ ഇറാൻ എംബസി വീഡിയോ എക്സിലൂടെ പുറത്തു വിട്ടിട്ടുണ്ട്. കുട്ടിയുടെ അമ്മ പുഷ് ചെയർ എടുക്കുന്നതിനായി കാത്തു നിൽക്കുന്ന സമയത്താണ് ആക്രമണം. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ല. പ്രതി മയക്കുമരുന്ന് ലഹരിയിലായിരുന്നോ എന്നും പൊലീസിന് സംശയമുണ്ട്.