സെലൻസ്കിയുമായുള്ള കൂടിക്കാഴ്ച വിജയം: ട്രംപ്
Photo:White House/YouTube
വാഷിങ്ടൺ: റഷ്യയും യുക്രെയ്നും തമ്മിൽ നാലു വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള മികച്ച ചുവടുവയ്പാണ് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കിയും യൂറോപ്യൻ രാഷ്ട്രത്തലവന്മാരുമായി നടത്തിയ ചർച്ചയിൽ ഫലം കണ്ടതെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കൂടിക്കാഴ്ചയ്ക്ക് ശേഷം തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. റഷ്യയും യുക്രെയ്നും തമ്മിൽ സമാധാന സാധ്യതയെ കുറിച്ച് എല്ലാവർക്കും പ്രതീക്ഷയുണ്ടെന്നും സെലൻസ്കിയും പുടിനും തമ്മിൽ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്കുള്ള ശ്രമങ്ങൾ ആരംഭിച്ചതായും ട്രംപ് പ്രഖ്യാപിച്ചു.
യൂറോപ്യൻ നേതാക്കളുമായും നാറ്റോ ഉദ്യോഗസ്ഥരുമായും വൈറ്റ് ഹൗസിൽ നടന്ന ഉന്നത തല യോഗത്തിനു ശേഷമാണ് ട്രംപിന്‍റെ പ്രഖ്യാപനം. സമാധാനത്തിന്‍റെ പാതയിലേയ്ക്ക് ഏറ്റവും അടുത്തു കൊണ്ടിരിക്കുകയാണ്.
ഇനി റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനും യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കിയും നേരിട്ടുള്ള ചർച്ചകൾക്കായുള്ള നീക്കമാണ് നടത്തുന്നത്. സെലൻസ്കിയും യൂറോപ്യൻ രാഷ്ട്രത്തലവൻമാരുമായി നടത്തിയ ചർച്ച വളരെ മികച്ചതായിരുന്നു. അടുത്ത ഘട്ട ചർച്ചകളെക്കുറിച്ചും ഇവരുമായി ആശയ വിനിമയം നടത്തിയെന്നും ട്രംപ് വ്യക്തമാക്കി.
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, ജർമൻ ചാൻസലർ ഫ്രെഡ്രിക് മെഴ്സ്, ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി എന്നിവർ ഉൾപ്പടെയുള്ള യൂറോപ്യൻ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. യുക്രെയ്നിന് യൂറോപ്യൻ രാജ്യങ്ങളും അമെരിക്കയും ചേർന്ന്
നൽകുന്ന സുരക്ഷാ ഉറപ്പുകളും യോഗത്തിൽ ചർച്ചയായി. യോഗത്തിനു ശേഷം ട്രംപ് റഷ്യൻ പ്രസിഡന്‍റ് പുടിനുമായി ഫോണിൽ സംസാരിച്ചു. 40 മിനിറ്റോളം ഇരുവരും ചർച്ച നടത്തിയതായാണ് പുറത്തു വരുന്ന വാർത്തകൾ.
അമെരിക്കൻ വൈസ് പ്രസിഡന്‍റ് ജെ.ഡി.വാൻസ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേക ദൗത്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവരായിരുന്നു ട്രംപിനൊപ്പം സെലൻസ്കിയുമായുള്ള ചർച്ചയിൽ പങ്കാളികളായത്. പുടിൻ-സെലൻസ്കിയുമായുള്ള നേരിട്ടുള്ള ചർച്ച യുദ്ധത്തിന് അവസാനമാകുമോ എന്നാണ് ലോകം ഉറ്റു നോക്കുന്നത്.