ഉറക്കം കിട്ടാനായി 'മിൽക് ഇൻജക്ഷൻ' എടുത്തു; 18 ദിവസം കോമയിൽ കിടന്ന മോഡൽ മരിച്ചു

 
World

ഉറക്കം കിട്ടാനായി 'മിൽക് ഇൻജക്ഷൻ' എടുത്തു; 18 ദിവസം കോമയിൽ കിടന്ന മോഡൽ മരിച്ചു

മരുന്നിൽ വന്ന അളവു വ്യത്യാസം മൂലം കായ് യുക്സിന് ശ്വാസതടവും ഹൃദയാഘാതവും ഉണ്ടാകുകയായിരുന്നു.

നീതു ചന്ദ്രൻ

തായ്പെയ്: ഉറക്കക്കുറവ് പരിഹരിക്കുന്നതിനായി ഇൻജക്ഷൻ എടുത്ത തായ്‌വാനീസ് മോഡൽ മരിച്ചു. 30 വയസ്സുള്ള കായ് യുക്സിനാണ് മരിച്ചത്. സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള ഇൻഫ്ലുവൻസർ ആണ് കായ്. ശരീരത്തിൽ നിന്ന് കൊഴുപ്പ് നീക്കം ചെയ്ത് വണ്ണം കുറയ്ക്കുന്നതടക്കമുള്ള സർജറികളിലൂടെ പ്രശസ്തനായ ലിപോസക്ഷന്‍റെ ഗോഡ്ഫാദർ എന്നറിയപ്പെടുന്ന വു ഷവോഹു എന്ന ഡോക്റ്ററുടെ ചികിത്സയിൽ വന്ന പിഴവാണ് മോഡലിന്‍റെ ജീവനെടുത്തത്.

സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന കായ് യുക്സിൻ കുറച്ചു കാലമായി ഉറക്കം ലഭിക്കാത്തതു മൂലം ബുദ്ധിമുട്ടിലായിരുന്നു. ഇതേ തുടർന്നാണ് ഇവർ തായ്പെയിലെ ക്ലിനിക്കിലെത്തി ഡോക്റ്ററുമായി ബന്ധപ്പെട്ടത്. ശസ്ത്രക്രിയാ സമയത്തും മറ്റും രോഗികളെ മയക്കാനും മരവിപ്പിക്കാനും നൽകുന്ന മി‌ൽക് ഇൻജക്ഷൻ എന്നറിയപ്പെടുന്ന പ്രോപ്പോഫോൾ എന്ന മരുന്ന് പ്രയോഗിക്കാനായിരുന്നു ഡോക്റ്ററുടെ നിർദേശം. തായ്‌വാനിൽ വളരെ നിയന്ത്രിതമായി മാത്രം വിതരണം ചെയ്യുന്ന മരുന്നുകളിൽ ഒന്നാണ് പ്രോപ്പോഫോൾ. ഡോക്റ്ററുടെ സാന്നിധ്യത്തിൽ കഴിഞ്ഞ മാസമാണ് മോഡലിന് ഇൻക്ഷൻ നൽകിയത്.

പക്ഷേ ഡോക്റ്റർ ക്ലിനിക് വിട്ട് പോയതിനു പിന്നാലെ മരുന്നിൽ വന്ന അളവു വ്യത്യാസം മൂലം കായ് യുക്സിന് ശ്വാസതടവും ഹൃദയാഘാതവും ഉണ്ടാകുകയായിരുന്നു. അടിയന്തരമായി സിപിആർ നൽകി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയത്തിന്‍റെ പ്രവർത്തനം നിലച്ചിരുന്നു. പിന്നീട് 18 ദിവസത്തോളം കായ് കോമ സ്റ്റേജിൽ തുടർന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെടില്ലെന്ന് ഡോക്റ്റർമാർ അറിയിച്ചതോടെ വെന്‍റിലേറ്ററിൽ നിന്ന് നീക്കം ചെയ്യാൻ കായുടെ ബന്ധുക്കൾ അനുവാദം നൽകുകയായിരുന്നു. മിൽക് ഇൻജക്ഷൻ നൽകിയ ഡോക്റ്റർ വുവിനെതിരേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മെഡിക്കൽ കെയർ നിയമം ലംഘിച്ചാണ് ഈ ചികിത്സ നടത്തിയതെന്നും അധികൃതർ പറയുന്നു.

ശബരിമല സ്വർണമോഷണം: ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ

സൽമാൻ അലി ആഘയുടെ ക‍്യാപ്റ്റൻസി തെറിച്ചേക്കും; പുതിയ ക‍്യാപ്റ്റൻ ആര്?

ശബരിമല സ്വർണക്കൊള്ള; സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി മഹിളാ മോർച്ച, സംഘർഷം

പി.എസ്. പ്രശാന്തിന്‍റെ സ്വത്ത് സമ്പാദനം അന്വേഷിക്കണം; വിജിലൻസിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്

നിധീഷ് ഓൺ ഫയർ; മഹാരാഷ്ട്ര 239ന് പുറത്ത്