ഹോർമൂസ് കടലിടുക്ക് മറ്റു രാജ്യങ്ങൾ സംരക്ഷിക്കണമെന്ന വിചിത്ര വാദവുമായി ട്രംപ്

 

file photo

World

യുദ്ധം അവസാനിപ്പിക്കാം, പക്ഷേ..

ഹോർമൂസ് കടലിടുക്ക് മറ്റു രാജ്യങ്ങൾ സംരക്ഷിക്കണമെന്ന വിചിത്ര വാദവുമായി ട്രംപ് ,ശത്രുക്കൾക്ക് വരാനിരിക്കുന്നത് നല്ല വർഷമായിരിക്കില്ലെന്ന മുന്നറിയിപ്പുമായി ഇറാന്‍റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയി

Reena Varghese

ഇറാനെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ യുഎസ് ആലോചിക്കുന്നുണ്ടെന്നും എന്നാൽ മറ്റു രാജ്യങ്ങൾ ഹോർമൂസ് കടലിടുക്ക് സംരക്ഷിക്കാൻ മുന്നോട്ടു വരണമെന്നുമുള്ള വിചിത്ര വാദവുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനെ തങ്ങൾ നിലംപരിശാക്കിയെന്നും അതിനാൽ തന്നെ തോറ്റ രാജ്യത്തോട് വെടിനിർത്തലിന്‍റെ ആവശ്യമില്ലെന്നും ട്രംപ് വ്യക്തമാക്കി.

എണ്ണ വിലകളിലെ ആഘാതം കുറയ്ക്കാൻ, കടലിൽ കുടുങ്ങിക്കിടക്കുന്ന ഇറാനിയൻ എണ്ണയുടെ മേലുള്ള യുഎസ് ഉപരോധം താൽക്കാലികമായി പിൻവലിക്കുമെന്നും യുഎസ് മുമ്പേ പറഞ്ഞിരുന്നു. ഇറാനുമായുള്ള യുദ്ധത്തിൽ തങ്ങളുടെ ലക്ഷ്യങ്ങൾ അമെരിക്ക ഏകദേശം പൂർത്തിയാക്കിയതായും സൈനിക സാന്നിധ്യം കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായും പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു. യുദ്ധം യുഎസ് ജയിച്ചു കഴിഞ്ഞതായി ട്രംപ് മാധ്യമപ്രവർത്തകരോടു പറഞ്ഞു.

ശത്രുക്കൾക്ക് വരാനിരിക്കുന്നത് നല്ല വർഷമായിരിക്കില്ല:  മൊജ്തബ ഖമനേയി

എന്നാൽ ട്രംപിന്‍റെ പ്രസ്താവനകൾക്കു വിരുദ്ധമായി ആയിരക്കണക്കിനു യുഎസ് നാവികസേനാംഗങ്ങളാണ് യുഎസ്എസ് ട്രിപ്പോളിയിലും മറ്റുമായി പശ്ചിമേഷ്യയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇറാനിൽ യുഎസ് കരസേനയെ വിന്യസിക്കുന്നതിനുള്ള വിശദമായ തയാറെടുപ്പുകൾ പെന്‍റഗൺ ഉദ്യോഗസ്ഥർ നടത്തിയിട്ടുണ്ടെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം രാത്രി ഗൾഫ് രാജ്യങ്ങൾക്കു നേരെ ഇറാന്‍റെ ആക്രമണ ശ്രമമുണ്ടായി. ദുബായിൽ ഡ്രോണുകൾ തകർത്തു. സൗദിയിലും കുവൈറ്റിലും വിവിധ മേഖലകളിൽ ആക്രമണം തടഞ്ഞു. ശത്രുക്കൾക്ക് വരാനിരിക്കുന്നത് നല്ല വർഷമായിരിക്കില്ലെന്ന മുന്നറിയിപ്പുമായി ഇറാന്‍റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയി രംഗത്തെത്തി. തുർക്കിയിലേയ്ക്കും ഒമാനിലേയ്ക്കും ആക്രമണം നടത്തിയത് ഇറാനല്ലെന്നും ഇവ ഇസ്രയേൽ നടത്തിയ ആൾമാറാട്ട ആക്രമണമാണ് എന്നുമാണ് മൊജ്തബയുടെ നിലപാട്. തല മുതിർന്ന നേതാക്കളെ വധിച്ചാൽ ജനങ്ങളെ ഭയപ്പെടുത്താമെന്ന ശത്രുക്കളുടെ മോഹം തകർന്നു പോയെന്നും മൊജ്തബ പറ‍ഞ്ഞു.

മുഖ്യമന്ത്രിയെ തീരുമാനിച്ചാലും കസേരകളി തീരില്ല; കെപിസിസി പ്രസിഡന്‍റ് മാറും

കാലവർഷം വരുന്നു; മേയ് അവസാനത്തോടെ മഴ ശക്തമാകും

സെക്രട്ടേറിയറ്റിലെ ഫയലുകൾ മുക്കിയത് അന്വേഷിക്കും

ചർച്ച കഴിഞ്ഞു; മുഖ്യമന്ത്രി തീരുമാനമായില്ല

അബുദാബിയിൽ മലയാളി വാഹനാപകടത്തിൽ മരിച്ചു