നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭം; മരണം 31 ആയി, തലസ്ഥാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം
കാഠ്മണ്ഡു: നേപ്പാളിലെ ജെൻസി പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 31 ആയി. രാജ്യത്ത് ഇപ്പോഴും അക്രമങ്ങൾ അരങ്ങേറുകയാണ്. സോഷ്യൽ മീഡിയ നിരോധനം, അഴിമതി, സ്വേച്ഛാദിപത്യ ഭരണം, തൊഴിലില്ലായ്മ എന്നിങ്ങനെയുള്ള വിഷയങ്ങളെ ചൊല്ലിയാണ് ജെൻ സി തെരിവിലിറങ്ങിയത്.
പ്രധാനമന്ത്രി കെ.പി. ശർമ ഒലിയും മന്ത്രിമാരും രാജിവച്ചെങ്കിലും പ്രക്ഷോഭം ശമിച്ചില്ല. സൈന്യം പ്രതിഷേധം നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ്. കാഠ്മണ്ഡുവിന്‍റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ആളുകൾ വീടുകളിൽ തന്നെ സുരക്ഷിതരായി തുടരമെന്ന് സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രതിഷേധക്കാർ കെട്ടിടങ്ങൾക്ക് തീയിടുകയും പൊലീസുമായി ഏറ്റുമുട്ടുകയും സംസ്ഥാന സ്ഥാപനങ്ങൾ ആക്രമിക്കുകയും ചെയ്തതിനെത്തുടർന്ന് കാഠ്മണ്ഡുവിലെ തെരുവുകളിൽ സൈനികർ പട്രോളിങ് നടത്തുന്നുണ്ട്.
ഫെയ്സ്ബുക്ക്, എക്സ്, യൂട്യൂബ് എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സർക്കാർ ഏർപ്പെടുത്തിയ ഹ്രസ്വകാല വിലക്കാണ് തിങ്കളാഴ്ച പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്. ആയിരക്കണക്കിന് ആളുകൾ നിയന്ത്രണങ്ങൾ ലംഘിച്ചതോടെ പൊലീസ് വെടിവയ്പ്പ് നടത്തി.
സർക്കാർ നിരോധനം നീക്കിയെങ്കിലും ചൊവ്വാഴ്ചയും രോഷം തുടർന്നു. ഭരണകൂടം അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുകയാണെന്ന് യുവാക്കൾ ആരോപിക്കുന്നു. രാഷ്ട്രീയക്കാരുടെ കുട്ടികൾ സമ്പത്തും പദവികളും ആസ്വദിക്കുമ്പോൾ മിക്ക യുവാക്കളും ജോലിക്കായി പാടുപെടുകയാണെന്നും സ്വേച്ഛാധിപത്യ ഭരണം നേപ്പാളിലെ ജനങ്ങളെ തകർക്കുകതയാണെന്നും ഇവർ ആരോപിക്കുന്നു.