മോഹൻ ഭാഗവത് | സൊഹ്റാൻ മംദാനി.

 
World

മോഹൻ ഭാഗവതിന്‍റെ ന്യൂയോർക്ക് റാലി: എതിർപ്പുണ്ടെങ്കിലും തടയാനാവില്ലെന്ന് മേയർ മംദാനി

ആർഎസ്എസിന്‍റെ പ്രത്യയശാസ്ത്രത്തോടും അവർ മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടുകളോടും ശക്തമായ വിയോജിപ്പുണ്ട്. എന്നാൽ, ഇതൊരു സ്വകാര്യ പരിപാടി ആ‍യതിനാൽ റാലി റദ്ദാക്കാനുള്ള നിയമപരമായ അധികാരമില്ല.

MV Desk

ന്യൂയോർക്ക്: ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് പങ്കെടുക്കുന്ന ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിലെ റാലിക്കെതിരേ കടുത്ത വിമർശനവുമായി ന്യൂയോർക്ക് മേയർ സോഹ്റാൻ മമദാനി. ആർഎസ്എസിന്‍റെ പ്രത്യയശാസ്ത്രത്തോടും അവർ മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടുകളോടും തനിക്ക് ശക്തമായ വിയോജിപ്പുണ്ടെന്ന് മമദാനി വ്യക്തമാക്കി.

എന്നാൽ, ഇതൊരു സ്വകാര്യ ചടങ്ങായതിനാൽ റാലി റദ്ദാക്കാനുള്ള നിയമപരമായ അധികാരം നഗരസഭാ ഭരണകൂടത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ന്യൂയോർക്കിന്‍റെ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ വംശജനായ മേയറാണ് ഞാൻ. ബഹുസ്വരതയിലും മതേതരത്വത്തിലും അധിഷ്ഠിതമായ ഇന്ത്യയെക്കുറിച്ചാണ് ഞാൻ പഠിച്ചതും മനസിലാക്കിയതും. അതിൽ നിന്ന് വേറിട്ട് ഒരു വിഭാഗത്തെ മാത്രം മാറ്റിനിർത്തുന്ന ആശയങ്ങളോട് എനിക്ക് കടുത്ത എതിർപ്പുണ്ട്"- മംദാനി വ്യക്തമാക്കി.

അതേസമയം, മോഹൻ ഭാഗവതിന്‍റെ അമെരിക്കൻ സന്ദർശനത്തിനും മാഡിസൺ സ്ക്വയറിലെ പരിപാടിക്കുമെതിരെ മനുഷ്യാവകാശ പ്രവർത്തകരും വിവിധ മുസ്ലിം സംഘടനകളും ഇടത് പ്രസ്ഥാനങ്ങളും രംഗത്തെത്തിയിട്ടുണ്ട്. പരിപാടിക്ക് അനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് നഗരത്തിൽ ഉയരുന്നത്.

ആർഎസ്എസിന്‍റെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് മോഹൻ ഭാഗവത് അമെരിക്കയിൽ എത്തിയിരിക്കുന്നത്. യുഎസ് പര്യടനത്തിനു ശേഷം ക്യാനഡയും ബ്രിട്ടനും സന്ദർശിക്കും.

മോഹൻ ഭാഗവതിന് നയതന്ത്ര പരിഗണനകൾ നൽകരുതെന്നും ആർഎസ്എസിനു മേൽ അന്താരാഷ്ട്ര ഉപരോധം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് യുഎസ് കമ്മീഷൻ ഓൺ ഇന്‍റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) അംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

മഴയിൽ മുങ്ങി ഒഡീശ; പ്രളയം ബാധിച്ചത് ഒരു ലക്ഷം പേരെ

''ജഡ്ജിമാർ ആരാണ് അത് തീരുമാനിക്കാൻ''; സ്കൂളിൽ ഹിജാബ് അനുവദിക്കണമെന്ന ഹർജി തള്ളിയതിൽ വിമർശനവുമായി ഒവൈസി

സിജെപിയുടെ ഇന്ത്യാ ഗേറ്റ് മാർച്ചിന് അനുമതി തേടിയിട്ടില്ല; വേദി മാറ്റാൻ സമ്മർദം ചെലുത്തുമെന്നു ഡൽഹി പൊലീസ്

ഇറാൻ ഉപരോധം: 4 ഇന്ത്യൻ കമ്പനികൾക്കും 3 ഇന്ത്യക്കാർക്കും യുഎസ് വിലക്ക്

ഇന്ത്യ - പാക് വെടിനിർത്തൽ: വിവരങ്ങൾ ചോർത്തിയത് പാക്കിസ്ഥാനെന്ന് മുൻ സിഡിഎസ്