മോദിയെ തനിക്ക് ഏറെയിഷ്ടം: ട്രംപ്
വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇരുവരും തമ്മിൽ ദൃഢമായ വ്യക്തിബന്ധമാണ് ഉള്ളതെന്നു പറഞ്ഞ ട്രംപ് അമെരിക്കയും ഇന്ത്യയും തമ്മിൽ ഉടൻ തന്നെ വ്യാപാര കരാർ ഒപ്പു വയ്ക്കുമെന്നും കൂട്ടിച്ചേർത്തു. ഇന്ത്യയും അമെരിക്കയും തമ്മിലുള്ള വ്യാപാര കരാറിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ട്രംപിന്‍റെ പരാമർശം.
തനിക്ക് പ്രധാനമന്ത്രി മോദിയെ വളരെയിഷ്ടമാണെന്നും അദ്ദേഹം തന്‍റെ നല്ലൊരു സുഹൃത്താണെന്നും തങ്ങളുടേത് മികച്ചൊരു ബന്ധമാണെന്നും ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞു. മുൻകാലങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര അസന്തുലിതാവസ്ഥ നിലനിന്നിരുന്നു എങ്കിലും വാഷിങ്ടണും ന്യൂഡൽഹിയും വ്യാപാര കരാർ കാര്യത്തിൽ ഒരു ധാരണയിൽ എത്തുമെന്ന് വിശ്വസിക്കുന്നതായി ട്രംപ് വ്യക്തമാക്കി.
മുൻ വർഷങ്ങളിൽ ഉയർന്ന നികുതി ചുമത്തിക്കൊണ്ട് ഇന്ത്യ അമെരിക്കയുമായുള്ള വ്യാപാര ബന്ധത്തിൽ നിന്നും വലിയ ലാഭം ഉണ്ടാക്കിയിരുന്നതായും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇപ്പോൾ സാഹചര്യം മാറിയതായും ട്രംപ് പറഞ്ഞു.
"വര്‍ഷങ്ങളോളം ഇന്ത്യ അമേരിക്കയെ ചൂഷണം ചെയ്യുകയായിരുന്നു. അവര്‍ ഞങ്ങള്‍ക്ക് മേല്‍ വന്‍തോതില്‍ നികുതി ചുമത്തുകയും എന്നാല്‍ തിരിച്ച് ഒന്നും നല്‍കാതിരിക്കുകയും ചെയ്തു. ഇപ്പോള്‍ സ്ഥിതി കൃത്യമായി മാറി മറിഞ്ഞിരിക്കുകയാണ്, ഞങ്ങള്‍ ഇന്ത്യയുമായുള്ള വ്യാപാരത്തിലൂടെ വലിയ രീതിയില്‍ പണം സമ്പാദിക്കുന്നുണ്ട് ’ ട്രംപ് പറഞ്ഞു.