ഹുമൈറ അസ്ഗർ അലി
ലാഹോർ: പാക് നടി ഹുമൈറ അസ്ഗർ അലിയുടെ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്. മൃതദേഹാവശിഷ്ടങ്ങൾ പരിശോധിച്ച പ്രകാരം 9 മാസം മുൻപെങ്കിലും നടി മരിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. 2024 ഒക്റ്റോബറിലായിരിക്കാം നടി മരിച്ചതെന്നും പൊലീസ് സർജ്യൻ പറയുന്നു. ചൊവ്വാഴ്ചയാണ് നടിയുടെ മൃതദേഹം അഴുകിയ നിലയിലാണ് ഫ്ളാറ്റിൽ നിന്ന് കണ്ടെത്തിയത്. വാടക നൽകുന്നില്ലെന്ന് കാണിച്ച് ഫ്ലാറ്റിന്‍റെ ഉടമസ്ഥൻ നൽകിയ പരാതിയിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
സെപ്റ്റംബറിലോ ഒക്റ്റോബർ തുടക്കത്തിലോ ആണ് നടിയെ അവസാനമായി പുറത്തു വച്ച് കണ്ടതെന്ന് അയൽക്കാർ മൊഴി നൽകിയിട്ടുണ്ട്. മൃതദേഹത്തിന്‍റെ ഡിഎൻഎ പരിശോധന നടത്തി ഹുമൈറ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴു വർഷങ്ങൾക്കു മുൻപാണ് ഹുമൈറ ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് എത്തിയത്. അക്കാലം മുതലേ കുടുംബവുമായി അകൽച്ചയിലാണ്.
2015 മുതൽ തന്നെ പാക് സിനിമാ,സീരിയൽ മേഖലയിൽ സജീവമാണ്. ഹുമൈറ താമസിപ്പിച്ചിരുന്ന നിലയിൽ മറ്റാരുമില്ലാതിരുന്നതിനാൽ മൃതദേഹം ജീർണിച്ചിടടും ദുർഗന്ധമുണ്ടായതായി ആരും പരാതിപ്പെട്ടിരുന്നില്ല. 2024 ഒക്റ്റോബറിൽ ബിൽ അടക്കാഞ്ഞതിനെത്തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഹുമൈറയുടെ മൃതദേഹം ഏറ്റെടുക്കാൻ കുടുംബം ആദ്യം വിസമ്മതിച്ചുവെങ്കിലും പിന്നീട് തയാറായതായും പൊലീസ് വ്യക്തമാക്കി.