പാക്-അഫ്ഗാൻ അതിർത്തിയിൽ വെടിവെയ്പ്പ്
ഇസ്ലാമാബാദ്: സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച പാകിസ്ഥാനും അഫ്ഗാനിസ്ഥാനും അതിർത്തിയിൽ കനത്ത വെടിവെപ്പ് നടത്തിയതായി റിപ്പോർട്ട്. കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡാക് ജില്ലയിൽ പാകിസ്ഥാൻ സൈന്യം ആക്രമണം നടത്തിയതായി അഫ്ഗാൻ താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. ചാമൻ അതിർത്തിയിൽ അഫ്ഗാൻ സൈന്യം പ്രകോപനമില്ലാതെ വെടിയുതിർത്തതായി പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ വക്താവ് ആരോപിച്ചു.
നേരത്തെ സൗദിയുടെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും ചർച്ച നടത്തിയിരുന്നെങ്കിലും സമവായത്തിലെത്തിയിരുന്നില്ല.
ഖത്തർ, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ആതിഥേയത്വം വഹിച്ച ചർച്ചകളിൽ പൂർണമായി സമാധാനം കൈവരിക്കാൻ സാധിച്ചില്ല. ഇരുരാജ്യങ്ങളും വിട്ടുവീഴ്ചക്ക് തയാറാകാത്തതോടെയാണ് ചർച്ച വഴിമുട്ടിയത്. അഫ്ഗാൻ ആസ്ഥാനമായുള്ള തീവ്രവാദികൾ പാകിസ്ഥാനിൽ അടുത്തിടെ ആക്രമണങ്ങൾ നടത്തിയതായും ആരോപണമുണ്ട്. എന്നാൽ പാക് ആരോപണം അഫ്ഗാൻ നിഷേധിച്ചു. പാകിസ്ഥാനിലെ സുരക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അഫ്ഗാന് കഴിയില്ലെന്നാണ് അഫ്ഗാന്റെ വാദം.