Sheik Jamil ur Rahman
Sheik Jamil ur Rahman 
World

ഒരു പാക് ഭീകരനേതാവ് കൂടി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ അബോട്ടാബാദിൽ ഭീകര സംഘടനാ നേതാവ് ഷെയ്ക്ക് ജമീൽ ഉർ റഹ്‌മാനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുണൈറ്റഡ് ജിഹാദ് കൗൺസിൽ (യുജെസി) എന്ന സംഘടനയുടെ സ്വയംപ്രഖ്യാപിത സെക്രട്ടറി ജനറലും തെഹ്‌രീക് ഇ മുജാഹീദീന്‍റെ (ടിയുഎം) അമീറുമായിരുന്നു റഹ്‌മാൻ.

കശ്മീരിലെ പുൽവാമയിൽ നിന്നാണ് ഇയാൾ പാക്കിസ്ഥാനിൽ പോകുകയും അവിടം ആസ്ഥാനമാക്കിക്കൊണ്ട് ഭീകരപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയും ചെയ്തുപോന്നത്. ജമ്മു കശ്മീരിലെ നിരവധി ഭീകരാക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച റഹ്‌മാൻ പാക് ചാര സംഘടനയായ ഐഎസ്ഐയുമായി അടുത്ത ബന്ധമുള്ള ആളായിരുന്നു. ഇന്ത്യ ഇയാളെ 2022ൽ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഇയാളുടെ മരണത്തിലേക്കു നയിച്ച സാഹചര്യം ഇനിയും വ്യക്തമായിട്ടില്ല.

ജമ്മു കശ്മീരിനെ പാക്കിസ്ഥാനോട് കൂട്ടിച്ചേർക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ടിയുഎം. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സമാന നിലപാടുകളുള്ള വിവിധ ഭീകര സംഘടനകളെ കൂട്ടിച്ചേർത്താണ് ഇവർ യുജെസി രൂപീകരിച്ചത്. ലഷ്കർ ഇ തൊയ്ബ, ജയ്ഷ് ഇ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ കുപ്രസിദ്ധ ഭീകരസംഘടനകളെല്ലാം ഇതിന്‍റെ ഭാഗമാണ്.

അതേസമയം, ഇസ്‌ലാമിക് സ്റ്റേറ്റ്, അൽ ക്വയ്ദ തുടങ്ങിയ അന്താരാഷ്‌ട്ര ഭീകരസംഘടനകളുമായി സംഘർഷത്തിലുമാണ്. അതിനാൽ തന്നെ റഹ്‌മാന്‍റെ മരണത്തിനു പിന്നിൽ ഈ സംഘടനകളിൽ ഏതെങ്കിലുമാകാം എന്നും സംശയിക്കുന്നു.

സമീപകാലത്ത് പല പാക് ഭീകര നേതാക്കളും പാക്കിസ്ഥാനിൽവച്ചു തന്നെ ദുരൂഹ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 2018ലായിരുന്നു ഈ പ്രവണതയുടെ തുടക്കമെന്നാണ് കരുതപ്പെടുന്നത്. ജമ്മു കശ്മീരിലെ ഒരു ഭീകരാക്രമണത്തിനു നേതൃത്വം നൽകിയ ഖ്വാജാ ഷാഹിദിനെ അന്ന് നിയന്ത്രണരേഖയ്ക്കു സമീപം പാക് അധീന കശ്മീരിൽ തലവെട്ടിയ നിലയിലാണ് കണ്ടെത്തിയത്.

പിന്നീട് കഴിഞ്ഞ വർഷം നവംബറിൽ ലഷ്കർ ഇ തൊയ്ബ കമാൻഡർ അക്രം ഘാസി പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ വെടിയേറ്റു മരിച്ചു. ഡിസംബറിൽ ലഷ്കർ കമാൻഡർ അദ്നാൻ അഹമ്മദ് എന്ന അബു ഹൻസാല കറാച്ചിയിൽ വച്ച് വെടിയേറ്റു മരിച്ചു. ഇക്കഴിഞ്ഞ മാസം ലഷ്കർ നേതാവ് അസം ചീമയെ ഫൈസലാബാദിലും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

കോവാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ട് തള്ളി ഭാരത് ബയോടെക്

ഏലക്കയിൽ കീടനാശിനി സാന്നിധ്യം; ആറര ലക്ഷം ടിൻ അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്

സ്ത്രീവിരുദ്ധ പരാമർശം; കെ.എസ്. ഹരിഹരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയിൽവേ ജീവനക്കാരെ കുത്തിക്കൊന്നു, 3 പേർക്കു പരുക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് ഒറ്റയടിക്ക് 200 രൂപ കുറഞ്ഞു