താഹിർ അന്ധ്രാബി
കറാച്ചി: ഇന്ത‍്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘർഷം അവസാനിപ്പിക്കാൻ മധ‍്യസ്ഥത വഹിചെന്ന ചൈനയുടെ അവകാശവാദത്തിന് പിന്തുണയുമായി പാക്കിസ്ഥാൻ. സമാധാനം ഉറപ്പാക്കാനും സംഘർഷം കുറയ്ക്കാനും ചൈന ശ്രമം നടത്തിയെന്ന് പാക് വിദേശകാര‍്യ വക്താവ് താഹിർ അന്ധ്രാബി അഭിപ്രായപ്പെട്ടു. പല തവണകളായി ഇരു രാജ‍്യങ്ങളുമായി ചൈന സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു.
ചൈന മധ‍്യസ്ഥത വഹിച്ചെന്ന് അവകാശവാദം ഉന്നയിച്ചെങ്കിലും ഇന്ത‍്യ ഇത് തള്ളിയിരുന്നു. മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ഇന്ത‍്യ വ‍്യക്തമാക്കിയിരുന്നു.
ചൈനയുടെ അവകാശവാദത്തിനു മുൻപ് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും സമാന അവകാശവാദവുമായി നിരവധി തവണ രംഗത്തെത്തിയിരുന്നുവെങ്കിലും ഇന്ത‍്യ ട്രംപിന്‍റെ അവകാശവാദം തള്ളുകയായിരുന്നു.