പരോക്ഷ ചര്‍ച്ച നടത്തി യുഎസും ഇറാനും

 
World

ശാശ്വത വെടിനിര്‍ത്തല്‍; പരോക്ഷ ചര്‍ച്ച നടത്തി യുഎസും ഇറാനും

ഖത്തറിന്റെയും പാക്കിസ്ഥാന്റെയും മധ്യസ്ഥതയിലാണ് ചര്‍ച്ച

MV Desk

ദുബായ്: ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം സംബന്ധിച്ചു ധാരണയിലെത്താനും ശാശ്വത വെടിനിര്‍ത്തല്‍ ഉറപ്പാക്കാനും ലക്ഷ്യമിട്ട് യുഎസും ഇറാനും ദോഹയില്‍ ചര്‍ച്ച നടത്തി. പരോക്ഷ ചര്‍ച്ചയാണ് നടത്തിയത്. ഖത്തറിന്‍റെയും പാക്കിസ്ഥാന്‍റെയും മധ്യസ്ഥതയിലുള്ള പരോക്ഷ ചര്‍ച്ചകള്‍ ചൊവ്വാഴ്ച രാത്രി ആരംഭിച്ച് ബുധനാഴ്ചയും തുടര്‍ന്നതായി ഇറാന്‍റെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഫെബ്രുവരിയില്‍ ഇറാനു നേരെ അമെരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളിലൂടെ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാനും, ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനും, ഒപ്പം അന്തിമ സമാധാന കരാറിനായുള്ള 60 ദിവസത്തെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാനും ലക്ഷ്യമിട്ട് ജൂണ്‍ 17ന് ഒപ്പുവച്ച 14 ഇന ഇടക്കാല കരാറിനെ അടിസ്ഥാനമാക്കിയാണ് ബുധനാഴ്ച ചര്‍ച്ചകള്‍ നടന്നത്.

ഇറാന്‍റെ സമ്പുഷ്ടീകരിച്ച യുറേനിയം നീക്കം ചെയ്യുന്നത് ഒരു മുന്‍ഗണനയാണെന്നു പറഞ്ഞ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്, ഇറാന്‍റെ ആണവനിരായുധീകരണം നന്നായി പുരോഗമിക്കുന്നുണ്ടെന്ന് ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കിന്‍റെ നടത്തിപ്പില്‍ ധാരണയിലെത്തുക, ഇറാന്‍റെ മരവിപ്പിച്ച ആറ് ബില്യണ്‍ ഡോളര്‍ ആസ്തികള്‍ വിട്ടുകൊടുക്കുക എന്നിവയാണ് ചര്‍ച്ചയില്‍ മുന്‍ഗണനകളെന്ന് ഇറാന്‍ പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്. നിലവിലെ ചര്‍ച്ചകള്‍ ഈ രണ്ട് വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന്‍റെ സ്വതന്ത്രമായ സഞ്ചാരം ഉറപ്പാക്കുക എന്നതാണ് യുഎസിന്‍റെ മുന്‍ഗണന.

ഇറാന്‍റേത് ' പേര്‍ഷ്യന്‍ തന്ത്രം '

വാഷിങ്ടണ്‍: യുഎസുമായി സമാധാന ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന ഇറാന്‍റെ വാദം തള്ളി യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സ്. ഇറാന്‍റെ വാദത്തെ ഒരു 'പേര്‍ഷ്യന്‍ തന്ത്രം' എന്നും വാന്‍സ് വിശേഷിപ്പിച്ചു. ചര്‍ച്ചകളുടെ ഫലം എന്തുതന്നെയായാലും അമെരിക്ക ശക്തമായ നിലയിലായിരിക്കുമെന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു. സമാധാന ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും യുഎസും ഇറാനും തമ്മില്‍ സാങ്കേതിക തലത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് വാന്‍സ് പറഞ്ഞു.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ