'പ്ലാന്‍റ് ദി എമിറേറ്റ്സ്' പരിപാടിക്ക് തുടക്കമിട്ട് യുഎഇ പ്രധാനമന്ത്രി 
World

'പ്ലാന്‍റ് ദി എമിറേറ്റ്സ്' പരിപാടിക്ക് തുടക്കമിട്ട് യുഎഇ പ്രധാനമന്ത്രി

കാർഷിക മേഖലയെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭത്തെ പ്രശംസിച്ച് എഫ്എഒ

ദുബായ്: യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 'പ്ലാന്‍റ് ദി എമിറേറ്റ്സ്' ദേശീയ പരിപാടിക്ക് തുടക്കമിട്ടു. കാർഷിക മേഖലയെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ സംരംഭം മറ്റ് പരിസ്ഥിതി സൗഹൃദ നീക്കങ്ങൾക്കൊപ്പം കൂടുതൽ മരങ്ങൾ വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

ദേശീയ കാർഷിക കേന്ദ്രം സ്ഥാപിക്കുന്നതിനും അദ്ദേഹം അംഗീകാരം നൽകി. അൽ മർമൂം ഫാമിൽ ചേർന്ന മന്ത്രിസഭാ യോഗത്തിനു ശേഷമായിരുന്നു പ്രഖ്യാപനം. മറ്റ് ക്യാബിനറ്റ് അംഗങ്ങൾക്കൊപ്പം മരങ്ങൾ നട്ടുപിടിപ്പിച്ചതിന്‍റെ കാഴ്ചകൾ ഷെയ്ഖ് മുഹമ്മദ് എക്‌സിൽ പങ്കുവച്ചു. കാർഷിക വികസന മേഖലയിൽ യുഎഇ എത്രത്തോളം മുന്നേറിയെന്ന് കാണിക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവെച്ചു.

രാജ്യത്തിന്‍റെ സ്ഥാപക പിതാവായ ശൈഖ് സായിദിന്‍റെ പൈതൃകം തുടരാനാണ് 'പ്ലാന്‍റ് ദി എമിറേറ്റ്സ്' എന്ന ദേശീയ പരിപാടി ലക്ഷ്യമിടുന്നത്. ഓരോ സ്‌കൂളിലും വീട്ടിലും പുതിയ തലമുറയിലും കാർഷിക സംസ്‌കാരം പ്രചരിപ്പിക്കുകയാണ് പുതിയ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സുസ്ഥിരഥാ വർഷം 2024 നോടനുബന്ധിച്ച്, പുതിയതും പ്രാദേശികവുമായ കാർഷിക വിഭവങ്ങളുടെ ഉദ്‌പാദനം വർധിപ്പിക്കുന്നതിനും കാർബൺ പ്രസാരണം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. 'പ്ലാന്‍റ് ദി എമിറേറ്റ്സ്' എന്ന പരിപാടിയിൽ ഫെഡറൽ, ലോക്കൽ ഗവൺമെന്‍റ് സ്ഥാപനങ്ങൾ, മുനിസിപ്പാലിറ്റി ടീമുകൾ, സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ, കമ്മ്യൂണിറ്റി അംഗങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങൾ പങ്കാളികളാകും.

ഒരു ഏകീകൃത ഐഡന്‍റിറ്റിയുടെ കീഴിൽ വിളകളും കാർഷിക ഉത്പന്നങ്ങളും പ്രദർശിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്യും. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി വോളന്‍റിയർ പ്രോഗ്രാമുകളും മത്സരങ്ങളും സംഘടിപ്പിക്കും. 'ഗ്രീൻ ടൂറിസം' എന്ന മുദ്രാവാക്യത്തിന് കീഴിൽ 'വേൾഡ്സ് കൂളസ്റ്റ് വിന്‍റർ' കാംപയിനും ആരംഭിക്കും.

പഞ്ചവത്സര ലക്ഷ്യങ്ങൾ (2025-2030)

  • രാജ്യത്തെ ഉത്പാദന ക്ഷമമായ ഫാമുകളുടെ എണ്ണം 20 ശതമാനവും, ജൈവ കൃഷിയിടങ്ങളുടെ എണ്ണം 25 ശതമാനവും, പ്രാദേശിക കാർഷിക ഉൽപന്നങ്ങളുടെ ഉപയോഗം 25 ശതമാനവുമായി വർധിപ്പിക്കും.

  • യുഎഇയിൽ ഉടനീളമുള്ള റസ്റ്ററന്‍റുകളിലും ഹോട്ടലുകളിലും മേഖലയിലെ തൊഴിലാളികളുടെ എണ്ണത്തിൽ 15 ശതമാനവും വർധന നടപ്പാക്കും.

  • 30 ശതമാനം ഫാമുകളിലും കാലാവസ്ഥാ സ്മാർട്ട് പരിഹാരങ്ങൾ സ്വീകരിക്കും.

  • കാർഷിക മാലിന്യം 50 ശതമാനം കുറയ്ക്കും.

പ്ലാന്‍റ് ദി എമിറേറ്റ്സ് സംരംഭത്തെ പ്രശംസിച്ച് എഫ്എഒ

അബുദാബി: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച 'പ്ലാന്‍റ് ദി എമിറേറ്റ്‌സ്' സംരംഭത്തെ ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഫുഡ് ആൻഡ് അഗ്രികൾചർ ഓർഗനൈസേഷൻ (എഫ്എഒ) പ്രശംസിച്ചു.

കാർഷിക മേഖല വളരാനും രാജ്യത്തുടനീളമുള്ള ഭക്ഷ്യ സുരക്ഷ വർധിപ്പിക്കാനും ഈ സംരംഭം പ്രയോജനപ്പെടുമെന്നും എഫ്എഒ അഭിപ്രായപ്പെട്ടു. യുവതലമുറയെ സുസ്ഥിരതയിലേക്ക് നയിക്കാനും, എല്ലാവർക്കും സുരക്ഷിത ഭക്ഷ്യ ഭാവി ഉറപ്പാക്കാനും ഇത് വഴി സാധിക്കുമെന്നും എഫ്എഒ പ്രത്യാശിച്ചു.

മേഖലയിലെ സുസ്ഥിര കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണ് 'പ്ലാന്‍റ് ദി എമിറേറ്റ്‌സ്' പദ്ധതിയെന്ന് എഫ്എഒയുടെ ജിസിസിയിലെയും യെമനിലെയും ചുമതലയുള്ള സബ് റീജിയണൽ ഓഫീസ് മേധാവി കയാൻ ജാഫ് പറഞ്ഞു.

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്