പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇറാൻ-ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് യുഎഇ സ്ഥാനപതി. ഇരു രാജ്യങ്ങളുമായും മോദിക്ക് അടുത്ത ബന്ധമാണുള്ളതെന്നും നയതന്ത്ര ചർച്ചകളിലൂടെ സമാധാനം കൊണ്ടുവരാൻ ഇന്ത്യയുടെ ഇടപെടൽ നിർണ്ണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി: മിഡിൽ ഈസ്റ്റിൽ കനക്കുന്ന ഇറാൻ-ഇസ്രായേൽ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കുമെന്ന് യുഎഇ സ്ഥാനപതി ഹുസൈൻ ഹസൻ മിർസ. ഇരു രാജ്യങ്ങളുമായും ഇന്ത്യ പുലർത്തുന്ന അടുത്ത ബന്ധം സമാധാന ചർച്ചകളിൽ നിർണായകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര തലത്തിലുള്ള സ്വാധീനം ചെറുതല്ലെന്ന് യുഎഇ സ്ഥാനപതി ചൂണ്ടിക്കാട്ടി. "ഇറാനും ഇസ്രായേലുമായി നേരിട്ട് സംസാരിക്കാൻ കഴിയുന്ന ചുരുക്കം ലോകനേതാക്കളിൽ ഒരാളാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന്‍റെ ഇടപെടൽ മേഖലയിലെ സമാധാനശ്രമങ്ങൾക്ക് വലിയ കരുത്ത് പകരും. സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ വഹിക്കുന്ന ഏത് പങ്കിനെയും യുഎഇ സ്വാഗതം ചെയ്യുന്നു," അദ്ദേഹം പറഞ്ഞു.
ഇറാനിലേക്കോ ഇസ്രയേലിലേക്കോ അദ്ദേഹം നടത്തുന്ന ഒരൊറ്റ ഫോൺ കോളിന് ഈ യുദ്ധം അവസാനിപ്പിക്കാൻ കഴിഞ്ഞേക്കുമെന്നും മിർസ. മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെയും ഊർജ വിതരണത്തെയും ബാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദശലക്ഷക്കണക്കിന് പ്രവാസികൾ വസിക്കുന്ന മേഖലയാണിത്. അതുകൊണ്ട് തന്നെ സമാധാനം നിലനിർത്തേണ്ടത് ഇന്ത്യയുടെയും ആവശ്യമാണ്. നയതന്ത്ര തലത്തിലുള്ള ചർച്ചകളിലൂടെ മാത്രമേ യുദ്ധം അവസാനിപ്പിക്കാൻ സാധിക്കൂ എന്നും സൈനികമായ നീക്കങ്ങൾ ആർക്കും ഗുണകരമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യ-ഉക്രെയ്ൻ യുദ്ധകാലത്തും സമാധാനത്തിനായി മോദി നടത്തിയ ഇടപെടലുകൾ ആഗോള ശ്രദ്ധ നേടിയിരുന്നു. 'ഇത് യുദ്ധത്തിനുള്ള കാലമല്ല' എന്ന അദ്ദേഹത്തിന്‍റെ പ്രസ്താവന ലോകരാജ്യങ്ങൾ ഏറ്റെടുത്തിരുന്നു. അതേ നിലപാട് മിഡിൽ ഈസ്റ്റിലും പ്രാവർത്തികമാക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് യുഎഇയുടെ പ്രതീക്ഷ. ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യ പുലർത്തുന്ന ശക്തമായ ബന്ധം ഇതിന് അടിത്തറയാകും.