കെസെനിയ പെട്രോവ
വാഷിങ്ടൺ: പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ നടത്തിയതിന് കൊളംബിയ സർവകലാശാലാ വിദ്യാർഥിനി ഉൾപ്പടെ മൂന്നു വിദേശ വിദ്യാർഥികളെ ലൂസിയാനയിലേയ്ക്കു മാറ്റിയതിനു പിന്നാലെ റഷ്യൻ ഗവേഷക വിദ്യാർഥിയും ഇവിടെ തടവിലായി.
ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ ഗവേഷകയായ കെസെനിയ പെട്രോവയെയാണ് തടഞ്ഞു വച്ചിട്ടുള്ളത്. പെട്രോവയുടെ ലഗേജിൽ തവളയുടെ ഭ്രൂണം കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാസം വിസ റദ്ദാക്കിയിരുന്നു. ഇതേത്തുടർന്നാണ് ഗവേഷകയെ ലൂസിയാനയിലേക്ക് നീക്കിയത്.
2023 മുതൽ കെസെനിയ പെട്രോവ ജെ 1 സ്കോളർ വിസയിൽ അമെരിക്കയിൽ ഉണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ പെട്രോവ ഫ്രാൻസിൽ നിന്ന് ബോസ്റ്റണിലെ ലോഗൻ എയർപോർട്ടിൽ എത്തിയപ്പോൾ ആണ് ലഗേജിൽ തവളയുടെ ഭ്രൂണം കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും.
ഫ്രാൻസിലെ ലാബിൽ നിന്ന് ഹാർവാർഡിലെ പെട്രോവയുടെ പ്രൊഫസർ , പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുടെ അഭ്യർഥന പ്രകാരം കൊണ്ടു വന്നതാണ്. ഇതിനു പിഴ ചുമത്താവുന്നതേയുള്ളു എന്നിരിക്കെ അതിനു പകരം കെസെനിയ പെട്രോവയെ ജെ1 സ്കോളർ വിസ റദ്ദാക്കി തടവിലാക്കി രാജ്യത്തു നിന്നു പുറത്താക്കാനാണ് ഇപ്പോൾ നീക്കമെന്ന് അവരുടെ അഭിഭാഷകൻ പറഞ്ഞു.