.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
#അഡ്വ. പി.എസ്. ശ്രീകുമാര്‍
ഇന്ത്യന്‍ മാധ്യമങ്ങളില്‍ പ്രാധാന്യം കിട്ടാതിരുന്ന ഒരു സന്ദര്‍ശനമായിരുന്നു നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ എന്ന പ്രചണ്ഡയുടെ മെയ് 31 മുതല്‍ ജൂണ്‍ 3 വരെയുള്ള, 4 ദിന ഇന്ത്യാ സന്ദര്‍ശനം. 2022 ഡിസംബറില്‍ പ്രധാനമന്ത്രിസ്ഥാനത്തെത്തിയ ശേഷം അദ്ദേഹം നടത്തിയ ആദ്യ വിദേശ സന്ദര്‍ശനമെന്ന നിലയില്‍ മാത്രമല്ല, ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള ബഫര്‍ രാജ്യത്തിലെ ഭരണാധികാരി എന്ന നിലയിലും ഈ സന്ദര്‍ശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.
നേപ്പാളിലെ പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന എല്ലാ നേതാക്കളും കീഴ്വഴക്കമെന്ന നിലയില്‍ ആദ്യം സന്ദര്‍ശിക്കുന്ന വിദേശ രാജ്യം ഇന്ത്യയാണ്. എന്നാല്‍ 2008ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ്) നേതാവെന്ന നിലയില്‍ ആദ്യമായി പ്രധാനമന്ത്രി സ്ഥാനത്തെത്തിയ പ്രചണ്ഡ, അന്നുവരെയുള്ള എല്ലാ കീഴ്വഴക്കങ്ങളും മാറ്റിവച്ച് ആദ്യ സന്ദര്‍ശനം നടത്തിയത് ചൈനയിലേക്കായിരുന്നു.
ആ സന്ദര്‍ശനവും അതിനു ശേഷം അദ്ദേഹം ചൈനയുമായി പുലര്‍ത്തിയ ബന്ധവും ഇന്ത്യ സംശയ ദൃഷ്ടിയോടെയാണ് കണ്ടത്. ഇന്ത്യമായുള്ള കരാറുകളൊക്കെ റദ്ദാക്കണമെന്ന് ഉള്‍പ്പെടെയുള്ള ഇന്ത്യാവിരുദ്ധ നിലപാടുകള്‍ നേപ്പാള്‍- ഇന്ത്യ ബന്ധത്തെ അന്ന് ദോഷകരമായി ബാധിച്ചു. പ്രചണ്ഡയ്ക്കെതിരെ ഇന്ത്യയും അന്ന് കരുക്കള്‍ നീക്കിയിരുന്നു.
പിന്നീട് ഇന്ത്യയോട് അനുഭാവമുള്ള നേപ്പാളി കോണ്‍ഗ്രസുമായി പ്രചണ്ഡ സഖ്യമുണ്ടാക്കിയപ്പോള്‍, ഇന്ത്യയോടുള്ള നിലപാടില്‍ മാറ്റങ്ങള്‍ ദൃശ്യമായി. 2016ലാണ് അദ്ദേഹം രണ്ടാമത് പ്രധാനമന്ത്രിയായത്. അപ്പോഴേക്കും ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ മനോഭാവത്തില്‍ കാര്യമായ മാറ്റം വന്നു. വിദേശകാര്യങ്ങളില്‍ സമചിത്തതയും, യാഥാര്‍ഥ്യബോധവും ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് പിന്നീടുണ്ടായത്.
കുറെ നാളുകളായി ചൈനയോട് അനുഭവമുള്ള നിലപാടാണ് മാറിമാറി വന്ന നേപ്പാള്‍ പ്രധാനമന്ത്രിമാര്‍ സ്വീകരിച്ചിരുന്നത്. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടാതെ നില്ക്കുന്ന പശ്ചാത്തലത്തില്‍ പ്രചണ്ഡയുടെ സന്ദര്‍ശനത്തിന് ഭാരത സര്‍ക്കാരും, വിദേശകാര്യ വകുപ്പും തന്ത്രപരമായ പ്രാധാന്യമാണ് നല്‍കിയത്.
ഇന്ത്യയുമായുള്ള ബന്ധം
നേപ്പാളിന്റെ അതിര്‍ത്തി പങ്കിടുന്ന ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി മധേശി വിഭാഗക്കാരായ ആളുകള്‍ നേപ്പാള്‍ പൗരന്മാരുമായി വിവാഹബന്ധത്തിലേര്പ്പെടുന്നുണ്ട്. അങ്ങനെ വിവാഹിതരാകുന്നവര്‍ക്കു രാഷ്ട്രീയ സ്വാതന്ത്ര്യവും, നേപ്പാള്‍ പൗരത്വവും നല്‍കുന്നത് 2016ല്‍ ഭരണഘടനാ ഭേദഗതിയിലൂടെ നേപ്പാള്‍ എടുത്തുകളഞ്ഞു. ഇതുള്‍പ്പെടെയുള്ള ചില നടപടികള്‍ ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുകയും ഇന്ത്യയില്‍ നിന്നുമുള്ള വാഹനങ്ങള്‍ തടയുന്നതിലേക്കും, വാണിജ്യ ബന്ധങ്ങള്‍ തകരാറിലാക്കുന്നതിലേക്കും നയിക്കുകയും ചെയ്തു.
ബദല്‍ എന്ന നിലയില്‍ ചൈനയുമായി കൂടുതല്‍ വാണിജ്യബന്ധം സ്ഥാപിക്കുകയും, ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയിയുടെ ഭാഗമാവുകയും ചെയ്തു. അതിനു പുറമേ, ചൈനയുമായി നിരവധി റെയ്ല്‍വേ, റോഡ് പദ്ധതികള്‍ക്കായി കരാറുകളും ഒപ്പുവച്ചു. ഖഡ്ഗ പ്രസാദ് ഒലിയായിരുന്നു അന്നത്തെ പ്രധാനമന്ത്രി. ഏതായാലും, ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം ആരംഭിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് പ്രചണ്ഡ മുന്‍കൈയെടുത്ത് ആ നിയമം ഭേദഗതി ചെയ്ത് പഴയതുപോലെയാക്കി.
ഒലിയുടെ ഭരണകാലത്തുണ്ടായ മറ്റൊരു ഗുരുതര പ്രശ്നം ഇന്ത്യയുടെ ഭാഗമായ ലിമ്പിയാധുര, കാലാപാനി, ലിപുലേഖ് തുടങ്ങി അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഭാഗങ്ങള്‍ നേപ്പാളിന്റേതാണെന്ന് അവകാശപ്പെട്ട് പുതിയ ഭൂപടം പാര്‍ലമെന്റിൽ പാസാക്കുകയും, ഇന്ത്യയുമായി വാക്പോര് നടത്തുകയും ചെയ്തതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കല്ലുകടിയായി ഇത് ഇപ്പോളും നിലനില്ക്കുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍, സമാധാനപൂര്‍വമായ അന്തരീക്ഷത്തില്‍ നയതന്ത്ര തലത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തുമെന്നാണ് പ്രചണ്ഡയും മോദിയും തമ്മില്‍ ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ തീരുമാനിച്ചത്.
വളരുന്ന വാണിജ്യ ബന്ധങ്ങള്‍
നേപ്പാളിന്റെ ഏറ്റവും വലിയ വാണിജ്യ പങ്കാളി ഇന്ത്യയാണ്. ആ രാജ്യത്തിന്റെ കയറ്റുമതിയുടേയും ഇറക്കുമതിയുടേയും പ്രധാന കേന്ദ്രം കൊൽക്കത്ത തുറമുഖമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ഇടപാട് 20-21 ല്‍ 976.78 ബില്യണ്‍ നേപ്പാളി രൂപയുടേതായിരുന്നു. അതില്‍ 886.59 ബില്യണ്‍ ഇന്ത്യയില്‍ നിന്നുമുള്ള കയറ്റുമതി. ഇന്ത്യയിലേക്കുള്ള കയറ്റുമതി 90.19 ബില്യണ്‍ രൂപയുടേതായിരുന്നു. അതായത് നേപ്പാളിന്റെ കയറ്റുമതിയുടെ 80 ശതമാനം ഇന്ത്യയിലേക്കാണ്. ഇറക്കുമതിയുടെ 61 ശതമാനവും ഇന്ത്യയിൽ നിന്ന്. പെട്രോളിയം ഉത്പന്നങ്ങള്‍ മുതല്‍ മരുന്നുകള്‍ വരെയുള്ളവയ്ക്ക് നേപ്പാള്‍ ആശ്രയിക്കുന്നത് ഇന്ത്യയെയാണ്. ചരക്കു ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി, പുതിയ റെയ്ല്- റോഡ് ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും, അതിര്‍ത്തി കടന്നുള്ള പെട്രോളിയം പൈപ്പ് ലൈന്‍ നിർമിക്കാനുമുള്ള കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു.
ഹിമാലയത്തില്‍ നിന്നുള്ള ജല സമൃദ്ധി ഉപയോഗിച്ച് നിര്‍മിച്ച വൈദ്യുത പദ്ധതികള്‍ വളരെയധികമുള്ള രാജ്യമാണ് നേപ്പാള്‍. ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കും വൈദ്യുതി കയറ്റുമതി ചെയ്ത് വിദേശനാണ്യം അവര്‍ നേടുന്നു. ഇന്ത്യയിലേക്ക് 16 ബില്യണ്‍ രൂപയുടെ വൈദ്യുതിയാണ് 2023-24 വര്‍ഷം കയറ്റുമതി ചെയ്യാന്‍ ലക്ഷ്യം വച്ചിട്ടുള്ളത്. കുറെ നാളുകളായി നിര്‍മാണത്തിനുള്ള ജലവൈദ്യുത പദ്ധതികള്‍ക്ക് പുറമെ, 480 മെഗാവാട്ട് ഉള്ള ഫുക്കോട്- കര്‍ണാലി ജല വൈദ്യുത പദ്ധതി, 490.2 മെഗാവാട്ട് ഉത്പ്പാദനശേഷിയുള്ള അരുണ്‍-4 ഉള്‍പ്പെടെയുള്ള പുതിയ വൈദ്യുത പദ്ധതികള്‍ നിര്‍മിക്കാനുള്ള കരാറുകളടക്കം 7 ധാരണാപത്രങ്ങളില്‍ ഇരു രാജ്യങ്ങളും ഒപ്പിട്ടു. അടുത്ത വര്‍ഷങ്ങളില്‍ 10,000 മെഗാവാട്ട് വൈദ്യുതി നേപ്പാളില്‍ നിന്നും വാങ്ങാനും മോദി -പ്രചണ്ഡ ചര്‍ച്ചകളില്‍ ധാരണയായി.
ഇന്ത്യയുമായി അടുക്കുമ്പോഴും, ചൈനയുമായുള്ള സൗഹൃദം നിലനിറുത്തേണ്ടത് നേപ്പാളിന്റെ ആവശ്യമാണ്. ചൈനയെ ശത്രുപക്ഷത്ത് ആക്കിയാലുള്ള ദോഷങ്ങള്‍ നേപ്പാളിനറിയാം. ഈ ബുദ്ധിമുട്ടു മനസിലാക്കി നേപ്പാളിനോട് കൂടുതല്‍ ഉദാര സമീപനമാണ് ഇന്ത്യ എടുത്തിട്ടുള്ളത്. ഇന്ത്യയുമായും ചൈനയുമായും ഒരേ സമയം സഹകരിച്ചുപോകുന്നത് നൂല്‍പ്പാലത്തിലൂടെയുള്ള നടത്തം പോലെ ശ്രമകരമാണ്. നേപ്പാളിലെ ജനങ്ങളുമായി നൂറ്റാണ്ടുകളായുള്ള സാംസ്കാരിക ബന്ധമാണ് നമുക്കുള്ളത്. ഏതായാലും ഇന്ത്യയുമായി സഹകരിച്ചു മുന്നോട്ടു പോവുക എന്ന നയ സമീപനം പ്രചണ്ഡയും നേപ്പാളും സ്വീകരിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന പഴയ സൗഹൃദാന്തരീക്ഷം മടക്കിക്കൊണ്ടുവരുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
(ലേഖകന്റെ ഫോൺ- 9847173177)