ഖത്തറിലെ ദോഹയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയ മേഖലയിൽനിന്ന് പുക ഉയരുന്നു.

 
World

തിരിച്ചടിക്കാൻ അവകാശമുണ്ട്: ഖത്തർ

പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും നേരെയുള്ള ഒരു കടന്നുകയറ്റവും അംഗീകരിക്കില്ലെന്നും ശക്തമായി പ്രതികരിക്കുമെന്നും ഖത്തർ

ദോഹ: ഇസ്രയേലിനു തിരിച്ചടി നൽകാൻ രാജ്യത്തിന് അവകാശമുണ്ടെന്നും അതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി. ഹമാസിനെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ സേന നടത്തിയ വ്യോമാക്രമണത്തോടു പ്രതികരിക്കുകയായിരുന്നു അൽതാനി. തങ്ങളുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും നേരെയുള്ള ഒരു കടന്നു കയറ്റവും അംഗീകരിക്കില്ലെന്നും ശക്തമായി പ്രതികരിക്കുമെന്നും അദേഹം പറഞ്ഞു.

ഇസ്രയേലിനു മറുപടി നൽകുന്നതിനു സൗഹൃദരാഷ്‌ട്രങ്ങളോട് ചർച്ച നടത്തിവരികയാണെന്നും ഖത്തർ. യുഎഇ പ്രധാനമന്ത്രി ഇന്നലെ ദോഹയിലെത്തിയിട്ടുണ്ട്. യൂറോപ്യൻ കമ്മിഷനും ഖത്തർ ആക്രമണത്തിൽ ഇസ്രയേലിനെതിരായ നിലപാടിലേക്കു നീങ്ങുകയാണ്. ഇതിനിടെയാണു തിരിച്ചടിക്കൊരുങ്ങുന്നുവെന്ന അൽതനിയുടെ പ്രഖ്യാപനം.

എന്നാൽ, ഇസ്രേലി ആക്രമണം യുഎസിന്‍റെ അറിവോടെയാണെന്നു വൈറ്റ് ഹൗസ് സ്ഥിരീകരിച്ചത് ഖത്തറിന് തിരിച്ചടിയായിട്ടുണ്ട്. യുഎസ് നൽകിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നാണു റിപ്പോർട്ട്.

ആക്രമണത്തില്‍ ഹമാസിന്‍റെ രാഷ്‌ട്രീയകാര്യ വിഭാഗം ആക്റ്റിങ് മേധാവി ഖലില്‍ അല്‍ ഹയ്യയുടെ മകന്‍ ഹമ്മാമും സഹായിയും ഖത്തറിലെ സുരക്ഷാ സേനാംഗവുമുള്‍പ്പെടെ കൊല്ലപ്പെട്ടതായാണു സൂചന. എന്നാൽ, തങ്ങളുടെ താഴേത്തട്ടിലുള്ള അഞ്ചു പേരാണു കൊല്ലപ്പെട്ടതെന്നു ഹമാസ് അവകാശപ്പെട്ടു.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ട് ചോർച്ചയിൽ പ്രതിപക്ഷ മൗനം

യുഎഇക്കെതിരേ ഇന്ത്യക്ക് 27 പന്തിൽ ജയം!

വീണ്ടും സമവായ സാധ്യത സൂചിപ്പിച്ച് ട്രംപും മോദിയും

ലോട്ടറി തൊഴിലാളികൾ സമരത്തിലേക്ക്

തിരുവനന്തപുരം വിമാനത്താവളത്തിലും ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ