ഹിരോഷിമ- നാഗസാക്കി ദിനവും അമെരിക്ക- ഇറാന്‍ യുദ്ധവും
അഡ്വ. ജി. സുഗുണന്‍
ഈ നൂറ്റാണ്ടിലും കഴിഞ്ഞ നൂറ്റാണ്ടിലും ലോക രാഷ്‌ട്രങ്ങളില്‍ പലതിലും മാരകമായ യുദ്ധങ്ങളും, അതിന്‍റെ ഫലമായുളള മനുഷ്യക്കുരുതികളും സാധാരണ സംഭവമായി മാറുന്നു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി തുടരുന്ന യുക്രെയ്‌ന്‍ - റഷ്യന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ല. തായ്‌വാന്‍- ചൈനീസ് സംഘര്‍ഷങ്ങളും, ഇതില്‍ അമെരിക്കയുടെയും ചില പാശ്ചാത്യ ശക്തികളുടെയും ഇടപെടലും യുദ്ധസമാനമായ ഒരു സാഹചര്യത്തിലേക്ക് ഈ മേഖലയെ കൊണ്ടുപോകുകയാണെന്ന സാഹചര്യവും ഉണ്ടായിരിക്കുകയാണ്. യുദ്ധസമാന സാഹചര്യങ്ങള്‍ ഇതുപോലെ ലോകത്തിലെ ഭൂരിപക്ഷം ഭൂഖണ്ഡങ്ങളിലും കാണാന്‍ കഴിയും.
ലോകത്തൊട്ടാകെ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുള്ള ഇറാന്‍- അമെരിക്ക യുദ്ധം അനുസ്യൂതമായി തുടരുകയാണ്. അമെരിക്കന്‍ ചേരിയിലെ ഇസ്രയേല്‍ ഇറാനെതിരായ ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടുമിരിക്കുന്നു. ഓരോ ദിവസവും സമാധാനത്തിന്‍റെ അന്ത്യം കുറിക്കുന്ന പ്രസ്താവനകളാണ് അമെരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭാഗത്തു നിന്നും വരുന്നത്. ഇറാന്‍റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനിയുടെ കൊലയും അതുമായി ബന്ധപ്പെട്ട സങ്കീർണമായ സാഹചര്യങ്ങളും എളുപ്പം അവസാനിപ്പിക്കാന്‍ കഴിയുന്ന സ്ഥിതിയല്ല. യുദ്ധത്തിൽ നിരപരാധികളായ നൂറുകണക്കിന് കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും കൊലപാതകങ്ങള്‍ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ഇറാന്‍- അമെരിക്ക യുദ്ധത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ ഇരുഭാഗത്തുമായി അണിനിരക്കുകയും, ഒരു ലോക യുദ്ധത്തിലേക്ക് തന്നെ ഈ സംഘര്‍ഷം വ്യാപിക്കുമോ എന്ന ഭീതി ഉളവാക്കാന്‍ ഇടയാക്കുകയും ചെയ്തിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കുകയാണെന്ന പ്രസ്താവന ഇരു ഭാഗത്തു നിന്നും വന്നെങ്കിലും അതു ശമനമില്ലാതെ തുടരുകയാണ്.
ഇപ്പോള്‍ പശ്ചിമേഷ്യയിലെ ഇസ്രയേല്‍- പാലസ്തീന്‍ സംഘര്‍ഷങ്ങളും അവസാനിച്ചിട്ടില്ല. അമെരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ ഇസ്രയേലിനെ സഹായിക്കുന്ന നിലപാട് ഈ മേഖലയിലും പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കാനാണ് സാഹചര്യമൊരുക്കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ഒരു ലോകയുദ്ധത്തിലേക്കു തന്നെ നീങ്ങുമോ എന്ന ഭയപ്പാട് പടരാന്‍ ഇത് ഇടയാക്കിയിരുന്നു. ഇറാനെതിരായ ഇസ്രയേല്‍ ആക്രമണങ്ങളും കൂട്ടക്കുരുതികളും ഭയാനകമായ അന്തരീക്ഷമാണ് ലോകത്തു സൃഷ്ടിച്ചത്. ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ മനുഷ്യ മനഃസാക്ഷിയെ തന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു.
അക്രമങ്ങളും ഹിംസയും യുദ്ധവുമില്ലാത്ത ഒരു ലോകം മനുഷ്യരാശിയുടെ എക്കാലത്തെയും വലിയ സ്വപ്നമാണ്. എല്ലാത്തരം ഹിംസയുടെയും അഭാവമാണ് സമാധാനം. ഇന്ന് ഹിംസയുടെ വ്യത്യസ്ത രൂപങ്ങള്‍ നാം നിത്യജീവിതത്തില്‍ കാണുന്നുണ്ട്. ജാതിയും, മതവും, വര്‍ഗവും, വംശീയതയും പ്രദേശീകതയും സ്ത്രീ- പുരഷ വ്യത്യാസങ്ങളുമെല്ലാം അക്രമങ്ങളുടെയും, ഹിംസയുടെയും ഉപകരണങ്ങളായി മാറുന്നു എന്നത് ആധുനിക കാലഘട്ടം നേരിടുന്ന വലിയ പ്രതിസന്ധിയാണ്.
ഒരു നൂറ്റാണ്ടില്‍ തന്നെ രണ്ട് ലോക മഹായുദ്ധങ്ങളും നിരവധി ചെറു യുദ്ധങ്ങളും നാം കണ്ടുകഴിഞ്ഞതാണ്. ലോകത്തു വിവിധ ഭാഗങ്ങളില്‍ യുദ്ധസമാന സാഹചര്യം ഇപ്പോഴും നിലനില്‍ക്കുകയാണ്. വികസിത രാജ്യങ്ങളുടെ ആയുധപ്പുരകളില്‍ അത്യാധുനിക ആയുധങ്ങള്‍ കുന്നുകൂടി കിടക്കുന്നു. സാമാധാനമെന്നത് യുദ്ധമില്ലാത്ത അവസ്ഥ മാത്രമല്ല, ലഹള, കൂട്ടക്കൊല, കൊലപാതകം, കായികാക്രമണം തുടങ്ങി എല്ലാത്തരം അക്രമ പ്രവര്‍ത്തനങ്ങളുടെയും അഭാവമാണ് സമാധാനം. എല്ലാ യുദ്ധങ്ങളും സമാധാനത്തെ തകര്‍ക്കുന്നു.
സമൂഹത്തിലെ പിന്നാക്ക ജനവിഭാഗങ്ങള്‍ നീതികരണമില്ലാത്ത ചൂഷണമാണ് വിവിധ രാജ്യങ്ങളില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. വര്‍ഗ വിവേചനവും വർണ വിവേചനവും അസമത്വം തന്നെയാണ്. ഹിംസയുടെ മറ്റൊരു കാരണം വികസിത, വികസ്വര സമൂഹങ്ങളിലെ തൊഴിലാളികളും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരും കടുത്ത ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നു എന്നതാണ്. തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കപ്പെടുന്നില്ല. തൊഴില്‍രഹിതരുടെ എണ്ണവും വർധിക്കുന്നു. ഇത്തരം വര്‍ഗവ്യത്യസങ്ങള്‍ അക്രമങ്ങളിലേക്കും ഹിംസയിലേക്കും നയിക്കുന്നു.
പുരുഷാധിപത്യ ലോകക്രമവും, സ്ത്രീകള്‍ക്കെതിരായ വിവേചനങ്ങളും ഹിംസയുടെ മറ്റു കാരണങ്ങളിലൊന്നാണ്. കോളനിവത്കരണവും തദ്ദേശീയ ജനവിഭാഗങ്ങളെ അടിച്ചമര്‍ത്തലും ഹിംസയുടെ പ്രത്യക്ഷ രൂപങ്ങളാണ്. പരമ്പരാഗത രൂപത്തിലുളള കോളനിവത്കരണം ഇല്ലാതായെങ്കിലും പുതു കോളനിവത്കരണത്തിന്‍റെയും, പുത്തന്‍ സാമ്രാജ്യത്വത്തിന്‍റെയും ഫലമായി ഹിംസ പുതിയ ഭാവത്തില്‍ പ്രത്യക്ഷപ്പെടുന്നു. പലസ്തീനില്‍, ഇറാഖില്‍, അഫ്ഗാനിസ്ഥാനില്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ചിലതിലും നവ കോളോണിയല്‍ ചൂഷണങ്ങള്‍ ഇപ്പോഴും തുടരുന്നു.
കോണ്‍സണ്‍ട്രേഷന്‍ ക്യാംപുകളില്‍ ലക്ഷോപലക്ഷം ജൂതന്മാരെ കൂട്ടക്കൊല ചെയ്യാന്‍ ഹിറ്റ്‌ലറെയും, ദക്ഷിണാഫ്രിക്കയിലെ കറുത്ത വര്‍ഗക്കാരെ അടിച്ചമര്‍ത്താനും കൂട്ടക്കൊല ചെയ്യാനുമുള്ള വെളളക്കാരുടെ ഭരണകൂടവും, പലസ്തീനികളെ കൊന്നൊടുക്കാന്‍ ഇസ്രയേല്‍ ഭരണകൂടവും ഇറാനില്‍ ആയിരക്കണക്കിന് കുഞ്ഞുകുട്ടികളെയടക്കം നിഷ്‌കരുണം കൂട്ടക്കൊല ചെയ്ത അമെരിക്കയും മറ്റും ഉപയോഗിച്ചത് വംശീയത തന്നെയാണ്. ഇന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ കുടിയേറ്റക്കാര്‍ക്കെതിരേ നവ വംശീയ പ്രസ്ഥാനങ്ങളുടെ ഹിംസാത്മക പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നുണ്ട്.
ഹിംസയുടെ ഉറവിടം മനുഷ്യമനസായതുകൊണ്ട് സമാധാനത്തിന്‍റെ ഉറവിടവും മനുഷ്യ മനസുതന്നെയാണ്. വ്യക്തിപരമായ ഹിംസ ചിലപ്പോള്‍ സാമൂഹികമായ കാരണങ്ങളുടെ സൃഷ്ടിയാകാം. അങ്ങനെയെങ്കില്‍ അതിന്‍റെ പരിഹാരവും സാമൂഹികമായി രൂപപ്പെടണം. സാമൂഹിക തിന്മകളെയും ഹിംസയെയും ഉന്മൂലനം ചെയ്യാൻ ഒരു ജനാധിപത്യ സമൂഹം അത്യാവശ്യമാണ്. വിവേചനരഹിതവും നീതിയുക്തവുമായ ഒരു സമൂഹ നിർമിതിയിലൂടെ മാത്രമേ യഥാർഥ സമാധാനം സ്ഥാപിക്കാന്‍ കഴിയൂ.
ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെന്ന വാദമാണ് ഹിംസയിലൂടെ സമാധാനം സ്ഥാപിക്കാനാകുമെന്ന വാദം. "ലക്ഷ്യം മാര്‍ഗത്തെപ്പോലെ പരിശുദ്ധമായിരിക്കണം'- അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ വാക്കുകളാണിത്. ഏതു മാര്‍ഗത്തിലൂടെയും ലക്ഷ്യം നേടാമെന്ന വാദഗതിയെ ഗാന്ധിജി ശക്തമായി എതിര്‍ത്തിരുന്നു. സമാധാനം എന്നത് ലോകത്തെ എല്ലാ മനുഷ്യരുടെയും രാജ്യങ്ങളുടെയും ആവശ്യമാണ്.
ഐക്യരാഷ്‌ട്ര സഭാ രൂപീകരണത്തിനു ശേഷം ഒരു മൂന്നാം ലോകമഹായുദ്ധം ഉണ്ടാകാനുളള സാധ്യതകളെ ഒരു പരിധി വരെ തടയാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ യുദ്ധവും യുദ്ധസമാന സാഹചര്യവും നിലനില്‍ക്കുകയാണ്. ഐക്യരാഷ്‌ട്ര സഭയെ അവഗണിച്ച് വന്‍ രാഷ്‌ട്രങ്ങള്‍ പുതിയ സഖ്യങ്ങള്‍ രൂപീകരിക്കുകയും, ആയുധങ്ങള്‍ കുന്നുകൂട്ടുകയും ചെയ്യുന്നു. ഐക്യരാഷ്‌ട്ര സഭയുടെ നയ സമീപനങ്ങളെ വന്‍ ശക്തികള്‍ ചോദ്യം ചെയ്യുകയും ക്രമേണ സഭ ഇവരുടെ കൈയിലെ പാവയായി മാറുകയും ചെയ്യുകയാണ്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഒടുവില്‍ ഇറാനിലും മറ്റും അമെരിക്ക നടത്തിയ അധിനിവേശങ്ങളെ ചോദ്യം ചെയ്യാനാവതെ ഐക്യരാഷ്‌ട്ര സഭ വളരെ ദുര്‍ബലമായി മാറി. ലോക യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും ഐക്യരാഷ്‌ട്രസഭ വെറും നോക്കുകുത്തിയായി മാറുകയാണോ?
വംശഹത്യയും കലാപങ്ങളും ഭീകരവാദവും ആധുനിക കാലത്തെ ഏറ്റവും വലിയ വെല്ലുവിളികളായി മാനവികതയ്ക്കു മേല്‍ കരിനിഴല്‍ വീഴ്തുന്നു. ആധുനിക സാങ്കേതിക വിദ്യയും ആയുധവും ഉപയോഗപ്പെടുത്തി നടത്തുന്ന ഭീകരവാദം ആയിരക്കണക്കിന് മനുഷ്യരുടെ ജീവനെടുക്കുന്നു. അമെരിക്കയിലെ പെന്‍റഗണ്‍ ആക്രമണം, ഇന്ത്യയിലെ മുംബൈ ആക്രമണം എന്നിവയെല്ലാം ആഗോള ഭീകരവാദത്തിന്‍റെ തെളിവുകളാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില വംശഹത്യയില്‍ ഓരോ വര്‍ഷവും ആയിരകണക്കിനാളുകളാണ് കൊല്ലപ്പെടുന്നത്. 1994ല്‍ റുവാണ്ടയില്‍ നടന്ന ഹുടു- ടുട്‌സി വംശീയ കലാപങ്ങളില്‍ 5 ലക്ഷം ടുട്‌സി വംശജര്‍ കൊല്ലപ്പെട്ടു എന്നാണ് കണക്കാക്കപ്പെടുന്നത്. ബോംബാക്രമണങ്ങളും മിസൈല്‍ വര്‍ഷവും അവിടെ നിത്യസംഭവമായിരുന്നു. അണുവായുധങ്ങളും രാസ- ജൈവായുധങ്ങളും ലോകത്തങ്ങോളമിങ്ങോളമുളള ആയുധപ്പുരകളില്‍ നിറഞ്ഞിരിക്കുകയാണ്.
ഇനിയൊരു മൂന്നാം ലോക മഹായുദ്ധം ഉണ്ടായാല്‍ അതില്‍ പ്രയോഗിക്കുന്ന ആയുധങ്ങള്‍ എന്തെന്ന് പറയാൻ എനിക്കാവില്ലെന്നാണ് മഹാനായ ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞിട്ടുണ്ട്. യുദ്ധവും അസമാധാന സാഹചര്യങ്ങളും ഒഴിവാക്കുക എന്നതാണ് സമാധാന സ്ഥാപനത്തിനുളള ഏക മാര്‍ഗം. ലോക സമാധാനം എന്നത് ഭൂമിയിലെ എല്ലാ മനുഷ്യരുടെയും ആവശ്യമാണ്. സമാധാന പ്രസ്ഥാനങ്ങളും ജനകീയ മുന്നേറ്റങ്ങളും ഇതിനായി നിതാന്ത പരിശ്രമത്തിലുമാണ്.
പലപ്പോഴും ഐക്യരാഷ്‌ട്ര സഭ വെറും നോക്കുകുത്തിയായി മാറുന്നത് ലോകത്തെ സമാധാന കാംക്ഷികളായ ജനങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്നതാണ്. ലോകത്തെ പ്രമുഖമായ പല സമാധാന പ്രസ്ഥാനങ്ങള്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാത്ത ഒരു സാഹചര്യവും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം സംഘടനകള്‍ നിര്‍ജീവമാകുന്ന സ്ഥിതിയും വളര്‍ന്നുവരികയാണ്.
ലോകത്ത് സമാധാനം നിലവില്‍വന്നേ മതിയാകൂ. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് സമാധാന പ്രസ്ഥാനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ വിവിധ രാജ്യങ്ങളിലെ ഫാസിസ്റ്റ് - സ്വേച്ഛാധിപത്യ സര്‍ക്കാരുകള്‍ യുദ്ധം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കങ്ങൾ നടത്തിവരികയാണ്. യുദ്ധങ്ങള്‍ സൃഷ്ടിച്ച് ആയുധങ്ങള്‍ വിറ്റഴിക്കാനും, അതില്‍ നിന്നും രാഷ്‌ട്രീയ നേട്ടം കൊയ്യാനുമുള്ള ചില ഭരണാധികാരികളുടെ കരുനീക്കങ്ങള്‍ എതിര്‍ത്തു തോല്‍പ്പിക്കപ്പെടേണ്ടതാണ്.
രണ്ടാം ലോക മഹായുദ്ധത്തില്‍ ലോകത്തെ ഞെട്ടിവിറപ്പിക്കുകയും ഭയചകിതരാക്കുകയും ചെയ്ത കിരാതമായ സംഭവമാണ് ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമെരിക്കയുടെ അണുബോബ് ആക്രമണം. ലക്ഷങ്ങള്‍ പിടഞ്ഞു മരിക്കാന്‍ ഇടയായ ആ കൂട്ട നരഹത്യ 1945 ഓഗസ്റ്റ് 6നും 9നുമാണ് നടന്നത്. 1945 ഓഗസ്റ്റ് 6 ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ഏറ്റവും പൈശാചികമായ ദിനമാണ്. അന്നേദിവസം ഹിരോഷിമ നഗരത്തിനു മേല്‍ അമെരിക്ക നടത്തിയ അണുബോംബ് വര്‍ഷത്തില്‍ മരണമടഞ്ഞത് 1,40,000ത്തോളം നിരപരാധികളായ കുഞ്ഞുകുട്ടികള്‍ അടക്കമുള്ള മനുഷ്യരായിരുന്നു. അവരുടെ ഓർമയ്ക്കായി അണുബോംബ് പതിച്ച സ്ഥലത്ത് ഒരു ഉദ്യാനം നിർമിച്ചിട്ടുണ്ട്.
ആണവായുധങ്ങള്‍ സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷത്തെ ഓർമിപ്പിക്കുന്ന ഒരു സ്മാരകമായി അത് നിലകൊള്ളുന്നു. ഹിരോഷിമ- നാഗസാക്കി ദിനങ്ങള്‍ സമുചിതമായി ആചരിക്കാനും, വ്യാപകമായ നിലയില്‍ യുദ്ധവിരുദ്ധ പ്രചരണങ്ങള്‍ നടത്താനും അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഢ്യ സമിതി തീരുമാനിച്ചിരിക്കുകയാണ്. ഹിരോഷിമ- നാഗസാക്കി ദിനാചരണങ്ങള്‍ വിജയിപ്പിക്കാന്‍ സമാധന കാംക്ഷികളായ എല്ലാവരോടും അഭ്യർഥിക്കുന്നു.
ദുഃഖങ്ങളും കടുത്ത യാതനങ്ങളും മാത്രം അവിശേഷിപ്പിക്കുന്ന യുദ്ധമെന്ന ചോരക്കളി ഇനിയെങ്കിലും ആവര്‍ത്തിക്കാതിരിക്കട്ടെ എന്നതാണ് ഈ ഹിരോഷിമാ- നാഗസാക്കി ദിനാചരണങ്ങളില്‍ ലോകത്തെ സമാധാന കാംക്ഷികളും ജനാധിപത്യവാദികളുമായ ഏവരുടേയും ആഗ്രഹം.
(ലേഖകന്‍ അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഢ്യ സമിതിയുടെ ദേശീയ സമിതി അംഗമാണ്. ഫോണ്‍ : 9847132428)