അലാസ്ക-ക്യാനഡ അതിർത്തിയിൽ അതിശക്തമായ ഭൂചലനം
file photo
വാഷിങ്ടൺ :ക്യാനഡ-അലാസ്ക അതിർത്തിയിൽ അതിശക്തമായ ഭൂചലനം. റിക്റ്റർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. യാകുടാറ്റിലും ജുനൗവിലും ഭൂചലനം അനുഭവപ്പെട്ടതായി യുഎസ്ജിഎസ് അറിയിച്ചു. എന്നാൽ ഭൂകമ്പത്തെ തുടർന്ന് സുനാമി ഭീഷണി ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി.
പ്രാദേശിക സമയം രാവിലെ 11.41 നാണ് ഭൂകമ്പമുണ്ടായത്. അലാസ്കയിലെ ജുനൗവിന് ഏകദേശം 370 കിലോമീറ്റർ വടക്കു പടിഞ്ഞാറായും യുകോണിലെ വൈറ്റ് ഹോഴ്സിന് 250 കിലോമീറ്റർ പടിഞ്ഞാറായും ആണ് പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂകമ്പത്തിൽ ഇതു വരെ നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂകമ്പം സുനാമി ഭീഷണി ഉയർത്തുന്നില്ലെന്ന് നാഷണൽ വെതർ സർവീസും സ്ഥിരീകരിച്ചു.
ഭൂകമ്പത്തെ കുറിച്ച് ഡിറ്റാച്ച്മെന്‍റിന് രണ്ട് 911 കോളുകൾ ലഭിച്ചതായി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് സർജന്‍റ് കാലിസ്റ്റ മക്ലിയോഡ് പറഞ്ഞു. വീടുകളിലെ ഷെൽഫുകളിൽ നിന്ന് പാത്രങ്ങൾ താഴെ വീണതായും ജനങ്ങൾ പരാതിപ്പെട്ടു. മരണമോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.