വിദേശ വിദ്യാർഥികൾക്ക് വിദൂര തടങ്കൽ
വാഷിങ്ടൺ: അമെരിക്കയിൽ പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് അറസ്റ്റിലായ വിദേശ വിദ്യാർഥികളെ വിദൂര സ്ഥലങ്ങളിലെ ജയിലുകളിലേക്കു മാറ്റി. മുഹമ്മദ് ഖലീൽ, അലിറെസ ദോരോഡി, റുമെയ്സ ഓസ്തുർക്ക് എന്നിവരെയാണ് ലൂസിയാനയിലെ 'ഇരുണ്ട കുഴി' എന്നു വിശേഷിപ്പിക്കുന്ന കേന്ദ്രത്തിലേക്കു മാറ്റിയത്.
അതീവ ദുരിതപൂർണമായ സാഹചര്യമാണ് ഇവിടെ തടവുകാർക്ക് ഉള്ളതെന്നാണ് ലഭ്യമായ വിവരങ്ങൾ.
എന്നാൽ അമെരിക്കയിലെ ആഭ്യന്തര സുരക്ഷാ വകുപ്പോ വൈറ്റ് ഹൗസോ വിദ്യാർഥികളെ ലൂസിയാനയിലേക്ക് തടവിലാക്കാനുള്ള തീരുമാനത്തെക്കുറിച്ചോ അവിടെയുള്ള തടങ്കൽ കേന്ദ്രങ്ങളിലെ ആരോപണങ്ങളെക്കുറിച്ചോ പ്രതികരിച്ചിട്ടില്ല.
കൊളംബിയ സർവകലാശാലയിൽ പലസ്തീൻ അനുകൂല പ്രക്ഷോഭത്തിന്‍റെ പേരിലാണ് മുഹമ്മദ് ഖലീൽ അറസ്റ്റിലായത്. വടക്കു കിഴക്കൻ അമെരിക്കയിലെ തടങ്കൽ കേന്ദ്രത്തിൽ നിന്നാണ് ഇയാളെ ലൂസിയാനയിലേയ്ക്ക് മാറ്റിയത്. മാർച്ച് എട്ടിന് ന്യൂയോർക്ക് സിറ്റിയിലെ തന്‍റെ അപ്പാർട്ട്മെന്‍റിൽ നിന്ന് അറസ്റ്റിലായ മുഹമ്മദിനെ ആദ്യം ന്യൂജഴ്സിയിലെ ഒരു തടങ്കൽ കേന്ദ്രത്തിലേയ്ക്ക് മാറ്റി. തുടർന്ന് ഏകദേശം ആയിരം മൈൽ അകലെയുള്ള ലൂസിയാനയിലെ സെൻട്രൽ ലൂസിയാന ഐസിയ പ്രോസസിങ് സെന്‍ററിലേയ്ക്ക് കൊണ്ടുപോയി.
അലബാമ സർവകലാശാലയിൽ പഠനം നടത്തിയിരുന്ന ഇറാനിയൻ പിഎച്ച്ഡി വിദ്യാർഥി അലിറെസ ദോരോഡിയെയും കഴിഞ്ഞ ദിവസം ലൂസിയാനയിലേക്ക് മാറ്റി.
ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി വിദ്യാർഥിനിയായ തുർക്കിഷ് വനിത റുമെയ്സ ഓസ്തുർക്കിനെ വഴിയോരത്തു വെച്ചാണ് അറസ്റ്റ് ചെയ്തത്.
അവരെ വനിതാ തടവുകാരെ മാത്രം താമസിപ്പിക്കുന്ന ദക്ഷിണ ലൂസിയാനയിലെ ഐസി പ്രോസസിങ് സെന്‍ററിലേയ്ക്ക് മാറ്റി. അതേസമയം, അറസ്റ്റിനുള്ള കാരണത്തെ കുറിച്ച് വ്യക്തമാക്കിയിട്ടില്ലെന്നാണ് ഇവരുടെ അഭിഭാഷക മാധ്യമങ്ങളോട് പറഞ്ഞത്.