രാജിക്കത്തെഴുതാൻ ടോയ്ലറ്റ് പേപ്പർ; കാരണം വ്യക്തം
സിംഗപ്പുർ: ടോയ്ലറ്റ് പേപ്പറിൽ രാജക്കത്തെഴുതുമോ ആരെങ്കിലും? ടോയ്ലറ്റ് പേപ്പറിന്‍റെ പരിഗണന മാത്രമാണ് ജോലി സ്ഥലത്ത് കിട്ടുന്നത് എന്നു തോന്നിയാൽ അങ്ങനെയും എഴുതാം. ഏഞ്ജല യോഹ് എന്ന സംരംഭക പങ്കുവച്ച ഒരു തൊഴിലാളിയുടെ രാജിക്കത്ത് അങ്ങനെയാണ്.
സിംഗപ്പുരിലാണ് സംഭവം. ''ഈ കമ്പനി എങ്ങനെയാണ് എന്നെ പരിഗണിച്ചിരുന്നത് എന്നതിനു പ്രതീകാത്മകമായാണ് ഞാൻ രാജിക്കത്തഴെതാൻ ടോയ്ലറ്റ് പേപ്പർ തെരഞ്ഞെടുത്തത്, ഐ ക്വിറ്റ്'' എന്നു മാത്രമാണ് കത്തിൽ. കത്തിന്‍റെ ഫോട്ടൊ പകർത്തി ലിങ്ക്ഡ്ഇന്നിൽ പോസ്റ്റ് ചെയ്തത് തൊഴിലാളിയല്ല, മറ്റൊരു സ്ഥാപനം നടത്തുന്ന ഏഞ്ജലയാണ്.
''ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുകയും, ആവശ്യം കഴിഞ്ഞാൽ രണ്ടാമതൊരു ചിന്തയില്ലാതെ ഉപേക്ഷിക്കുകയും ചെയ്യുന്ന ടോയ്ലറ്റ് പേപ്പർ പോലെയാണ് ഞാനെന്നു തോന്നി'' എന്നു മറ്റൊരാൾ പറഞ്ഞതാണ് ഏഞ്ജലയുടെ പോസ്റ്റിന് ആധാരം. ഏഞ്ജലയുടെ സ്ഥാപനത്തിൽ ജോലിക്ക് ഇന്‍റർവ്യൂവിനു വന്നതായിരുന്നു ഇയാൾ. പഴയ സ്ഥാപനം വിടാനുള്ള കാരണം ചോദിച്ചപ്പോഴാണ് ഈ വിശദീകരണം കിട്ടിയതെന്നും ഏഞ്ജല വ്യക്തമാക്കുന്നു.
ജീവനക്കാർ രാജിവയ്ക്കാൻ തീരുമാനിച്ചാലും അവർക്ക് അർഹമായ ബഹുമാനം കൊടുക്കണമെന്ന് ഏഞ്ജല പറയുന്നു. അവർ നിന്ദയോടെയല്ല, നന്ദിയോടെയാണ് പടിയിറങ്ങിപ്പോകുന്നത് എന്നു തൊഴിലുടമ ഉറപ്പാക്കണമെന്നും അവർ കുറിക്കുന്നു.
അഭിനന്ദനം തൊഴിലാളികളെ പിടിച്ചുനിർത്താനുള്ള ഉപകരണം മാത്രമല്ല. ഒരു വ്യക്തിക്ക് എത്രമാത്രം മൂല്യം കിട്ടുന്നു എന്നതിന്‍റെ പ്രതിഫലനം കൂടിയാണത്. അവരെന്തു ചെയ്യുന്നു എന്നതിനു മാത്രമല്ല, അവർ ആരാണ് എന്നതിനു കൂടിയുള്ളതാണത്- ഏഞ്ജല കൂട്ടിച്ചേർക്കുന്നു.