സ്ലോവാക്യൻ തവിട്ടു കരടി
file photo
ബ്രാറ്റിസ്ലാവ: യൂറോപ്യൻ രാജ്യമായ സ്ലോവാക്യയിൽ ബ്രൗൺ കരടികളെ കൊന്ന് മാംസം വിൽപന നടത്താൻ ഉത്തരവിട്ട് സർക്കാർ. കരടികളുടെ എണ്ണം പെരുകുകയും ഇവ ജനത്തിനു ഭീഷണിയാകുകയും ചെയ്തതോടെയാണ് വെടി വച്ചു കൊന്ന് മാംസം ജനങ്ങൾക്ക് വിൽക്കാൻ സർക്കാർ തീരുമാനിച്ചത്.
കരടികളുടെ ആക്രമണം പതിവായ സാഹചര്യത്തിൽ രാജ്യത്തെ 1300 കരടികളിൽ നാലിലൊന്നിനെ വെടിവച്ചു കൊല്ലാനുള്ള പദ്ധതിക്ക് കഴിഞ്ഞ മാസം മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
സർക്കാർ തീരുമാനപ്രകാരം നിയമപരവും ശുചിത്വപരവുമായ എല്ലാ വ്യവസ്ഥകളും പാലിച്ച് അടുത്തയാഴ്ച മുതൽ പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള സംഘടനകൾക്ക് കരടിമാംസം വിൽപനയ്ക്കു വയ്ക്കാം.
വന്യ മൃഗങ്ങളെ ഭയന്ന് ആളുകൾ ജീവിക്കുന്ന സാഹചര്യം അനുവദിക്കാനാകില്ലെന്നായിരുന്നു കരടികളെ വെടിവച്ചു കൊല്ലാൻ തീരുമാനിച്ചയുടൻ പ്രധാനമന്ത്രി റോബർട്ട് ഫികോ പറഞ്ഞത്. യൂറോപ്യൻ യൂണിയൻ വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുന്ന വന്യമൃഗമാണ് തവിട്ടു കരടികൾ.
കാട്ടു പന്നികൾ പെരുകുകയും ഇവ കൃഷിക്കും മനുഷ്യ ജീവനും ഭീഷണിയാകുകയും ചെയ്തതോടെ ഇറ്റലി, പോളണ്ട്,ഹംഗറി, ഫ്രാൻസ് തുടങ്ങി മിക്ക യൂറോപ്യൻ രാജ്യങ്ങളും ഇവയുടെ നിശ്ചിത ശതമാനത്തിനെ വെടിവച്ചു കൊന്നാണ് നിയന്ത്രിക്കുന്നത്.