ഡോണൾഡ് ട്രംപ് | മുജ്തബ ഖമനേയി

 
World

ഖമനേയി - ട്രംപ് ചർച്ചയ്ക്ക് കളമൊരുങ്ങുന്നതായി സൂചന

ഇറാനിലെ പരമോന്നത നേതാവ് മുജ്തബ ഖമനേയിയും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ നേരിട്ടു സമാധാന ചർച്ച നടത്താൻ സാധ്യത തെളിയുന്നതായി സൂചന

UAE Correspondent

ഇറാനിലെ പരമോന്നത നേതാവ് മുജ്തബ ഖമനേയിയും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ നേരിട്ടു സമാധാന ചർച്ച നടത്താൻ സാധ്യത തെളിയുന്നതായി സൂചന. ഇസ്രയേലി, അറബ് മാധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. എന്നാൽ, ഖമനേയി ചർച്ചയ്ക്കു സന്നദ്ധ അറിയിച്ചെന്ന വാർത്ത ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, ഇറാനിലെ പ്രമുഖ നേതാവുമായി ഞായറാഴ്ച നടത്തിയ ചർച്ചയിലാണ് അഞ്ച് ദിവസത്തേക്ക് ഊർജോത്പാദന കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്നു തീരുമാനിച്ചതെന്ന് ട്രംപ് വിശദീകരിക്കുന്നു. ഈ നേതാവ് കൊല്ലപ്പെട്ടു കാണാൻ ആഗ്രഹിക്കാത്തതിനാൽ അദ്ദേഹത്തിന്‍റെ പേര് വെളിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർക്കുന്നു. ഇറാനിൽ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന നേതാക്കളിലൊരാൾ എന്നു മാത്രമാണ് അദ്ദേഹം നൽകുന്ന സൂചന.

ഇറാന്‍റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, അല്ലെങ്കിൽ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് ആയിരിക്കാം ട്രംപിന്‍റെ പ്രതിനിധികൾ സംസാരിച്ച നേതാവ് എന്നാണ് വിലയിരുത്തൽ. ഇതിൽ, ഘാലിബാഫിനെ തങ്ങൾക്ക് അനുകൂലമായി നിർത്താൻ യുഎസ് ശ്രമം നടത്തുന്നതായി നേരത്തെ സൂചനകൾ പുറത്തുവന്നിരുന്നു.

യുഎസിന്‍റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്‍റെ മകളുടെ ഭർത്താവും ഉപദേശകനുമായ ജേർഡ് കുഷ്നർ എന്നിവരാണ് ഇറാന്‍റെ പ്രതിനിധിയുമായി ഞായറാഴ്ച ചർച്ച നടത്തിയതെന്ന് യുഎസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ട്രംപിന്‍റെ അഞ്ച് ദിവസത്തെ ഭാഗിക വെടിനിർത്തൽ പ്രഖ്യാപനത്തിനു പിന്നാലെ, കഴിഞ്ഞ 24 ദിവസമായി യുഎസുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന പ്രതികരണമാണ് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ആദ്യം പുറത്തുവന്നത്.

48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്‍റെ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കുമെന്നായിരുന്നു ട്രംപിന്‍റെ പഴയ അന്ത്യശാസനം. ഈ സമയപരിധിയാണ് അഞ്ച് ദിവസമായി നീട്ടിയിരിക്കുന്നത്. അതേസമയം, തങ്ങളുടെ ഊർജോത്പാദന കേന്ദ്രങ്ങൾ ആക്രമിച്ചാൽ ഇസ്രയേലിന്‍റെയും യുഎസിന്‍റെ മറ്റു സഖ്യകക്ഷികളുടെയും ഊർജോത്പാദന കേന്ദ്രങ്ങളും ഗൾഫ് രാജ്യങ്ങളുടെ കടൽവെള്ള ശുദ്ധീകരണ ശാലകളും ആക്രമിക്കുമെന്നും ഇറാനും ഭീഷണിപ്പെടുത്തിയിരുന്നു.‌

ഇതിനിടെ, ഒമാൻ, ഈജിപ്റ്റ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ സമാധാന ചർച്ചകളുടെ പിന്നണിയിൽ പ്രവർത്തിക്കുന്നതെന്നാണ് വിവരം. ഇറാനും യുഎസും തമ്മിൽ നേരിട്ടുള്ള ചർച്ചകൾക്ക് പാക് തലസ്ഥാനമായ ഇസ്ലാമാബാദ് വേദിയാകുമെന്നും സൂചനയുണ്ട്.

മുഖ്യമന്ത്രിയെ തീരുമാനിച്ചാലും കസേരകളി തീരില്ല; കെപിസിസി പ്രസിഡന്‍റ് മാറും

കാലവർഷം വരുന്നു; മേയ് അവസാനത്തോടെ മഴ ശക്തമാകും

സെക്രട്ടേറിയറ്റിലെ ഫയലുകൾ മുക്കിയത് അന്വേഷിക്കും

ചർച്ച കഴിഞ്ഞു; മുഖ്യമന്ത്രി തീരുമാനമായില്ല

അബുദാബിയിൽ മലയാളി വാഹനാപകടത്തിൽ മരിച്ചു