ഇന്തോനേഷ്യയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു; ഒരു മരണം, 65 വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നു
സിഡോർജോ: ഇന്തോനേഷ്യയിൽ സ്കൂൾ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിക്കുകയും 65 ഓളം വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നുവെന്നും റിപ്പോർട്ടുകൾ.
കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ വിദ്യാർഥികൾക്ക് രക്ഷാപ്രവർത്തകർ ഓക്സിജനും വെള്ളവും എത്തിച്ചു. ചൊവ്വാഴ്ച രാവിലെയാണ് കെട്ടിടം തകർന്നു വീണത്.
12 മണിക്കൂറിലധികമായി രക്ഷാ പ്രവർത്തനം തുടരുകയാണ്. ഒരു കുട്ടി മരിച്ചതായാണ് പുറത്തു വരുന്നതെങ്കിലും കൂടുതൽ മരണങ്ങൾ ഉണ്ടായേക്കാമെന്ന് അധികൃതർ അറിയിക്കുന്നു.
കിഴക്കൻ ജാവയിലെ സിഡോർജോ പട്ടണത്തിലെ അൽ ഖോസിനി ഇസ്ലാമിക് ബോർഡിങ് സ്കൂളാണ് തകർന്നത്. പരുക്കേറ്റവരുമായ എട്ട് പേരെ പുറത്തെടുത്തു. ഇനിയും 65 ലധികം പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കുടുങ്ങിക്കിടക്കുന്നവർ ഏഴ് മുതൽ 11 വരെ ക്ലാസുകളിൽ പഠിക്കുന്ന, 12 നും 17 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണ്.