യുഎസ് ആഭ്യന്തര സെക്രട്ടറി ഡഗ് ബർഗം

 

file photo

World

എണ്ണ വില വർധന താൽക്കാലികം: ട്രംപ് നേരിട്ട് ഇടപെടും

എണ്ണ പ്രതിസന്ധി പരിഹരിക്കാൻ കരുതൽ ശേഖരം ഉപയോഗിക്കുമെന്നും യുഎസ് ആഭ്യന്തര സെക്രട്ടറി

Reena Varghese

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തെ തുടർന്നുണ്ടായ ആഗോള എണ്ണ വില വർധനവ് താൽക്കാലിക പ്രതിഭാസം മാത്രമാണെന്നും ആഗോള സമ്പദ് വ്യവസ്ഥയിലേയ്ക്ക് തടസമില്ലാതെ ഊർജ്ജമെത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ അമെരിക്കയുടെ പക്കൽ കൃത്യമായ വഴികളുണ്ടെന്നും യുഎസ് ആഭ്യന്തര സെക്രട്ടറി ഡഗ് ബർഗം. ബുധനാഴ്ച ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഭരണകൂടത്തിന്‍റെ ഈ സുപ്രധാന നിലപാട് ആഭ്യന്തര സെക്രട്ടറി പങ്കു വച്ചത്.

വിപണിയിലെ സമ്മർദ്ദം കുറയ്ക്കാൻ രാജ്യത്തിന്‍റെ തന്ത്രപ്രധാനമായ എണ്ണ ശേഖരം തുറന്നു വിടുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു.നിലവിലെ എണ്ണക്കടത്ത് പ്രതിസന്ധി നയതന്ത്രപരമായ നീക്കങ്ങളിലൂടെ പരിഹരിക്കാൻ സാധിക്കുമെന്നും അത് സംഭവിക്കുന്നതു വരെ വില നിയന്ത്രിക്കാൻ കരുതൽ ശേഖരം ഉപയോഗിക്കുന്നത് ഉചിതമായ സമയത്താണെന്നും ബർഗം കൂട്ടിച്ചേർത്തു.

ഹോർമൂസ് കടലിടുക്കിലെ വിതരണ തടസങ്ങൾ നീണ്ടു നിൽക്കുമെന്ന ആശങ്കയിൽ ബുധനാഴ്ച എണ്ണ വില വീണ്ടും ഉയർന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ ഈ പ്രതികരണം. ലോകത്ത് സമാധാനവും സുസ്ഥിരതയും കൊണ്ടു വരുന്നതിലൂടെ എണ്ണ വില കുറയ്ക്കാമെന്ന് ബർഗം ഉറപ്പു നൽകി. പ്രസിഡന്‍റ് ട്രംപ് ഇതിനായി നേരിട്ട് ഇടപെടുന്നുണ്ടെന്നും ബർഗം പറഞ്ഞു.

യുദ്ധശേഷം ഗൾഫ് മേഖലയിലെ സമാധാന ഉടമ്പടികളായ അബ്രഹാം അക്കോർഡ്സ് കൂടുതൽ കരുത്താർജ്ജിക്കുമെന്ന് ബർഗം പ്രത്യാശ പ്രകടിപ്പിച്ചു. നിലവിലെ ചെറിയ തടസങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ ഉള്ള സമാധാനത്തിനും ഐശ്വര്യത്തിനും വഴി മാറുമെന്നാണ് അമെരിക്കയുടെ വിലയിരുത്തൽ. മേഖലയിൽ പൂർണമായ സമാധാനം പുന:സ്ഥാപിക്കപ്പെടുന്നതോടെ ആഗോള വിപണിയിൽ എണ്ണ വില ഗണ്യമായി കുറയുമെന്നും ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് അതിന്‍റെ ഗുണഫലം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജി നൽകാതെ മമത; ബംഗാൾ നിയമസഭ പിരിച്ചു വിട്ട് ഗവർണർ

"ഇത് എല്‍ഡിഎഫിന്‍റെ അവസാനമല്ല, ശക്തമായി തിരിച്ചുവരും"; പിണറായി വിജയൻ

ഒരു കുടുംബത്തിലെ നാലു പേർ മരിച്ചതിനു കാരണം തണ്ണിമത്തനല്ല, എലിവിഷമെന്ന് റിപ്പോർട്ട്

പീഡന പരാതി: ഷിയാസ് കരീമിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

സുനിതയുടെ കൊലപാതകം: പ്രതി ദീപക് കൃഷ്ണൻ പിടിയിൽ