പൊതുജനങ്ങളുടെ ഇന്‍റർനെറ്റ് നിയന്ത്രണങ്ങളിൽ മാറ്റമുണ്ടാകില്ല
ടെഹ്റാൻ: ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കും വിവരങ്ങൾ കൈമാറുന്നതിനുമായി പാശ്ചാത്യ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ ഉപയോഗിക്കുന്നതിന് സർക്കാർ സംവിധാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കു നീക്കി ഇറാൻ. പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ അനുമതിയോടെയാണ് ഈ സുപ്രധാന തീരുമാനമെന്ന് ഫസ്റ്റ് വൈസ് പ്രസിഡന്‍റ് മുഹമ്മദ് റെസ ആരിഫിന്‍റെ മുതിർന്ന സഹായി അബ്ബാസ് പസുകി വ്യക്തമാക്കി.
വർഷങ്ങളായി നിലനിന്നിരുന്ന നിരോധനം നീക്കിയത് ഭരണകൂടത്തിന്‍റെ ധീരമായ തീരുമാനമാണെന്ന് അബ്ബാസ് പസുകി വിശേഷിപ്പിച്ചു. ഔദ്യോഗിക വിവരങ്ങൾക്കും വാർത്തകൾക്കുമായി ഇറാനിയൻ ജനത അന്താരാഷ്ട്ര സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ ആശ്രയിച്ചിരുന്നുവെന്നും, അതേസമയം സർക്കാർ ഏജൻസികൾ ആഭ്യന്തര ആപ്ലിക്കേഷനുകളിൽ മാത്രം ചുരുങ്ങിപ്പോയെന്നും പസുകി.
ഈ സാഹചര്യം വിദേശ മാധ്യമങ്ങളുടെ വ്യാജപ്രചാരണങ്ങൾക്കും അഭ്യൂഹങ്ങൾക്കും സമയബന്ധിതമായി മറുപടി നൽകുന്നതിന് സർക്കാരിന് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നുവെന്നും അബ്ബാസ് പസുകി പറഞ്ഞു. എല്ലാ മുതിർന്ന ഉദ്യോഗസ്ഥരുടെയും പൂർണ സമ്മതത്തോടെയാണ് ഈ തിരുത്തൽ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ ഏജൻസികൾക്ക് പാശ്ചാത്യ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് അനുമതി ലഭിച്ചെങ്കിലും രാജ്യത്തെ സാധാരണ ജനങ്ങൾ നേരിടുന്ന ഇന്‍റർനെറ്റ് നിയന്ത്രണങ്ങളിൽ മാറ്റമുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.