സന യൂസഫ് (17)

 
World

പാക്കിസ്ഥാനിൽ യുവ ഇൻഫ്ലുവൻസർ വെടിയേറ്റ് മരിച്ചു; ദുരഭിമാനക്കൊലയെന്ന് സംശയം

സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി ശബ്‌ദിച്ച 17 കാരിയുടെ നീതിക്കായി വ്യാപക പ്രതിഷേധം

Ardra Gopakumar

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ യുവ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ. ടിക്‌ ടോക്ക് കണ്ടന്‍റ് ക്രിയേറ്റര്‍ സന യൂസഫ് (17) ആണ് കൊല്ലപ്പെട്ടത്. ഇസ്ലാമാബാദ് സെക്ടര്‍ ജി-13ലെ വീട്ടില്‍ തിങ്കളാഴ്ച (June 02) നായിരുന്നു കൊലപാതകം. സംഭവം ദുരഭിമാനക്കൊല ആണെന്നാണ് പൊലീസ് സംശയിക്കുന്നത്.

സനയെ സന്ദർശിക്കാനെത്തിയ ഒരു ബന്ധുവാണ് വീടിനകത്തുവച്ച് 17കാരിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ആക്രമണത്തിന് മുന്‍പ് പ്രതി സനയുമായി വീടിനു മുന്നിൽ കുറച്ച് നേരം സംസാരിച്ചു നിന്നിരുന്നു. പിന്നാലെ വീടിനകത്ത് എത്തിയ ഉടനെ പ്രതി സനയക്കു നേരെ വെടിയുതിർത്തു. പ്രതി നിരവധി തവണ നിറയൊഴിച്ചെങ്കിലും രണ്ടെണ്ണം മാത്രമാണ് സനയുടെ ശരീരത്തിൽ പതിച്ചത്. പിന്നാലെ പ്രതി സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. പെൺകുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായി പൊലീസ് പറയുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികൾക്കായി പാക്കിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് (പിഐഎംഎസ്) മൃതദേഹം മാറ്റിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സനയുടെ കൊലപാതകം സോഷ്യൽ മീഡിയയിൽ വന്‍ പ്രതിഷേധത്തിലേക്ക് വഴിവച്ചു. സനയ്ക്ക് നീതി വേണമെന്ന ആവശ്യവുമായി #JusticeForSanaYousuf എന്ന ഹാഷ് ടാഗ് എക്സിൽ ട്രെൻഡിങ്ങാണ്. ഇന്‍സ്റ്റഗ്രാമില്‍ ഏകദേശം 5 ലക്ഷത്തോളം ഫോളോവേഴ്സുകളുള്ള സന യൂസഫ് സ്ത്രീകളുടെ അവകാശങ്ങള്‍, വിദ്യാഭ്യാസ അവബോധം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ടിക് ടോക്ക്, ഇന്‍സ്റ്റഗ്രാം പോലുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കൂടുതലായും ഉപയോഗിച്ചിരുന്നത്. യുവജനങ്ങൾക്കുള്ള പ്രചോദനാത്മക കണ്ടന്‍റുകളും സന പങ്കുവച്ചിരുന്നു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും, ദുരഭിമാനക്കൊല അടക്കമുള്ള സാധ്യതകൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചതായി പാക്കിസ്ഥാന്‍ പൊലീസ് അറിയിച്ചു.

ഈ വർഷം ആദ്യമാണ് ടിക് ടോക്കിൽ വീഡിയോകൾ പോസ്റ്റ് ചെയ്തതിന്‍റെ പേരിൽ പാക്കിസ്ഥാനിലെ ക്വറ്റയിൽ 15 വയസുള്ള ഹിര എന്ന പെൺകുട്ടിയെ അവളുടെ അച്ഛനും മാതൃസഹോദരനും വെടിവച്ചു കൊന്നത്.

വിജയാഭിഷേകം: അഭിഷേകിന്‍റെ കരുത്തിൽ ഇന്ത്യൻ ജയം

കൊച്ചി-ദുബായ് റൂട്ടിൽ എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കുന്നു

ഒരു തവണത്തേക്ക് ക്ഷമിക്കുന്നു; മദ്യപിച്ചതിന് നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർമാരെ തിരിച്ചെടുക്കുമെന്ന് കെ.ബി. ഗണേഷ് കുമാർ

ഡോ.പി. രവീന്ദ്രൻ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ; ഔദ്യോഗിക വിജ്ഞാപനം ഇറക്കി ലോക്ഭവൻ

കടുപ്പിച്ച് ഐസിസി; ഇന്ത്യയിലേക്കില്ലെങ്കിൽ ബംഗ്ലാദേശ് ലോകകപ്പ് കളിക്കേണ്ട, തീരുമാനം ബിസിബിയെ അറിയിച്ചു