ദേശീയ സുരക്ഷാ രേഖകൾ കൈവശം വച്ചു...കുറ്റം സമ്മതിച്ച് ട്രംപിന്‍റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ

 
World

ട്രംപിന്‍റെ കടുത്ത വിമർശകനായ ബോൾട്ടണെതിരേയുള്ള കേസ് ശിക്ഷാ നടപടികളിലേയ്ക്ക്

ദേശീയ സുരക്ഷാ രേഖകൾ കൈവശം വച്ചു...കുറ്റം സമ്മതിച്ച് ട്രംപിന്‍റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ

Reena Varghese

വാഷിങ്ടൺ: പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ രാഷ്ട്രീയ എതിരാളികൾക്ക് എതിരായുള്ള അന്വേഷണങ്ങൾ പലതും തിരിച്ചടികൾ നേരിടുന്നതിനിടെ ട്രംപിന്‍റെ കടുത്ത വിമർശകരിൽ ഒരാളായ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ ദേശീയ സുരക്ഷാ വിവരങ്ങൾ നിയമവിരുദ്ധമായി കൈവശം വച്ച കേസിൽ കുറ്റം സമ്മതിച്ചു.

വെള്ളിയാഴ്ച ഫെഡറൽ കോടതിയിൽ ഹാജരായ ബോൾട്ടൺ കുറ്റസമ്മതം നടത്തിയതോടെ കേസ് ശിക്ഷാ നടപടികളിലേയ്ക്കു നീങ്ങുകയാണ്. അതീവ രഹസ്യ സ്വഭാവമുള്ള ദേശീയ സുരക്ഷാ രേഖകൾ അനധികൃതമായി കൈവശം വച്ചെന്ന കുറ്റമാണ് ബോൾട്ടണിനെതിരേ ചുമത്തിയിരിക്കുന്നത്.

ട്രംപിന്‍റെ രാഷ്ട്രീയ എതിരാളികൾക്ക് എതിരായ ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റിന്‍റെ അന്വേഷണങ്ങളിൽ ശ്രദ്ധേയമായ മുന്നേറ്റമായാണ് ഈ സംഭവ വികാസം വിലയിരുത്തപ്പെടുന്നത്. കോടതി മുറിയിൽ വച്ച് കുറ്റം ചെയ്തിട്ടുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് താൻ കുറ്റക്കാരനാണെന്നും സംഭവത്തിൽ ഖേദമുണ്ടെന്നും ബോൾട്ടൺ മറുപടി നൽകി.

പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിലുള്ള പ്ലീ എഗ്രിമെന്‍റിന്‍റെ അടിസ്ഥാനത്തിൽ പരമാവധി 60 മാസത്തെ തടവും 22.5 ലക്ഷം ഡോളർ പിഴയുമാണ് ശുപാർശ ചെയ്തിരിക്കുന്നത്. പിഴത്തുകയുടെ പകുതി ശിക്ഷാവിധി പ്രഖ്യാപിച്ചതിനു അഞ്ച് ദിവസത്തിനകം അടയ്ക്കണമെന്നും കരാറിൽ വ്യവസ്ഥയുണ്ട്. അതേസമയം, ഈ കുറ്റത്തിന് നിയമപ്രകാരം പരമാവധി പത്തു വർഷം വരെ തടവു ശിക്ഷ ലഭിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി.

ശിക്ഷാ നിർണയവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ സ്വതന്ത്രമായി വിലയിരുത്തുമെന്നും അത് പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിലുള്ള ധാരണയിൽ നിന്ന് വ്യത്യസ്തമായിരിക്കാമെന്നും ഹിയറിങിനിടെ ജഡ്ജി തിയോഡോർ ചുവാങ് ബോൾട്ടണിന് മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച രാവിലെ ഫെഡറൽ കോടതിയിലെത്തിയ ബോൾട്ടൺ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കാൻ തയാറായില്ല. കേസിൽ ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കും.

വീര‍്യം കുറഞ്ഞ മദ‍്യത്തിന് നികുതിയിളവ്; സർക്കാർ പിന്നോട്ടില്ല, ധനബില്ലിന്‍റെ കരട് പ്രസിദ്ധീകരിച്ചു

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി 10 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കോതമംഗലത്ത് മയക്കുവെടിച്ച് പിടികൂടി കാട്ടിലേക്ക് വിട്ട ആന മൂന്നാം ദിനം ചരിഞ്ഞു

ഡിഎംകെയുമായുള്ള 9 വർഷത്തെ മുന്നണി ബന്ധം അവസാനിപ്പിച്ച് എംഡിഎംകെ; സ്റ്റാലിന് വീണ്ടും തിരിച്ചടി

മഹാരാഷ്ട്രയിൽ ടെറ്റ് ചോദ്യപേപ്പർ ചോർന്നു: പരീക്ഷ മാറ്റി, മൂന്ന് പേർ അറസ്റ്റിൽ